
മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത ലോറൻസ് ബിഷ്ണോയ് സംഘം നടൻ രൺബീർ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി മുംബൈ പൊലീസിന്റെ വെളിപ്പെടുത്തൽ. അക്രമികൾ രൺബീറിന്റെ ബാന്ദ്രയിലെ വസതി കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തിയിരുന്നുവെന്നും കൂടുതൽ സിനിമാ താരങ്ങളെ ഇവർ ലക്ഷ്യമിട്ടിരുന്നോ എന്ന് പരിശോധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി. ഹരിയാന, യുപി എന്നിവിടങ്ങളിൽ നിന്ന് നാലുപേരും മുംബൈയിൽ നിന്ന് രണ്ടുപേരും ഗുജറാത്തിൽ നിന്ന് ഒരാളുമാണ് ഒടുവിൽ പിടിയിലായത്.
ലോറൻസ് ബിഷ്ണോയ് സംഘാംഗമായ അനിൽ പണ്ഡിറ്റിന്റെ നിർദേശപ്രകാരമാണ് അക്രമികൾ നീങ്ങിയതെന്നാണ് പൊലീസ് റിപ്പോർട്ട്. കുനാൽ, സുമിത് എന്നിവർ അമൃത്സറിൽനിന്ന് ശേഖരിച്ച തോക്കും ഇരുപതോളം തിരകളും ട്രെയിൻ മാർഗം മുംബൈയിലെത്തിച്ച് കൈമാറിയ രാധ, ബബിത എന്നിവരും, ഇവർക്കൊപ്പം താമസിച്ചിരുന്ന ജതിൻ, സമീർ എന്നിവരുമാണ് നേരത്തെ പിടിയിലായത്. ആയുധങ്ങൾ എത്തിച്ചതിന്റെ ഉറവിടവും മറ്റ് പ്രതികളുടെ പങ്കാളിത്തവും വിശദമായി പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സിനിമാ മേഖലയെ ലക്ഷ്യമിട്ടുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമായാണോ രൺബീറിന്റെ നീക്കങ്ങൾ സംഘം നിരീക്ഷിച്ചതെന്ന് കണ്ടെത്താൻ വെടിവെപ്പിന് മുൻപുള്ള പ്രതികളുടെ ഓരോ നീക്കവും പരിശോധിക്കുകയാണ്.
അതേസമയം, നടൻ സൽമാൻ ഖാനെയായിരുന്നു സംഘം ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും കനത്ത സുരക്ഷ കാരണം പിൻവാങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 2024-ൽ വീടിന് നേരെ വെടിവെപ്പുണ്ടായതിനെ തുടർന്ന് സൽമാൻ ഖാന് ഏർപ്പെടുത്തിയിട്ടുള്ള 'വൈ-പ്ലസ്' കാറ്റഗറി സുരക്ഷയും യാത്രാവേളകളിലെ കർശന പരിശോധനകളുമാണ് ആക്രമണ നീക്കത്തിൽ നിന്ന് പ്രതികളെ പിന്തിരിപ്പിച്ചത്. ബോളിവുഡ് താരങ്ങളെ കേന്ദ്രീകരിച്ച് ഗുണ്ടാസംഘം നടത്തുന്ന നീക്കങ്ങളിൽ മുംബൈ പൊലീസ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.