Image

പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വദ്രയുടെ ചിത്രപ്രദർശനത്തിന് സെൻസർഷിപ്പ്; ഡൽഹി സമരദൃശ്യങ്ങൾക്ക് അമിത രാഷ്ട്രീയസ്വഭാവമെന്ന് ആരോപണം

Published on 22 October, 2026
പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വദ്രയുടെ ചിത്രപ്രദർശനത്തിന് സെൻസർഷിപ്പ്; ഡൽഹി സമരദൃശ്യങ്ങൾക്ക് അമിത രാഷ്ട്രീയസ്വഭാവമെന്ന് ആരോപണം

​ന്യൂഡൽഹി: പ്രമുഖ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ മകനും ഫോട്ടോഗ്രാഫറുമായ റെയ്ഹാൻ വദ്രയുടെ ചിത്രപ്രദർശനത്തിന് അധികൃതരുടെ കർശന വിലക്ക്. ന്യൂഡൽഹിയിലെ ബിക്കാനീർ ഹൗസിൽ നടക്കുന്ന 'നോ ഐഡിയ ഈസ് ഫൈനൽ' എന്ന ഫോട്ടോ എക്സിബിഷനിലെ 105 ചിത്രങ്ങളിൽ 75 എണ്ണവും നീക്കംചെയ്തതായി റെയ്ഹാൻ അറിയിച്ചു. ജന്തർമന്തറിലടക്കം നടന്ന യുവജന പ്രക്ഷോഭങ്ങളുടെ നേർക്കാഴ്ചകൾ ഒപ്പിയെടുത്ത ചിത്രങ്ങൾക്കാണ് പ്രദർശനാനുമതി നിഷേധിച്ചത്. ഇവയ്ക്ക് അമിത രാഷ്ട്രീയസ്വഭാവമുണ്ടെന്നും വേദിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ബിക്കാനീർ ഹൗസ് മാനേജ്മെന്റിന്റെ വിശദീകരണം.

​ചിത്രങ്ങൾ മാറ്റാത്തപക്ഷം പരിപാടി റദ്ദാക്കുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് ഭൂരിഭാഗം ഫോട്ടോകളും നീക്കംചെയ്തതെന്ന് റെയ്ഹാൻ വ്യക്തമാക്കി. ഇതോടെ എക്സിബിഷൻ ഹാളിലെ ചുവരുകൾ ഭൂരിഭാഗവും കാലിയായ നിലയിലാണ്. മുൻകൂട്ടി സമർപ്പിച്ച ലേഔട്ടിൽ യാതൊരു എതിർപ്പും ഉന്നയിക്കാതിരുന്ന അധികൃതർ, ഉദ്ഘാടനത്തിന് തൊട്ടുമുൻപ് മാത്രമാണ് അപ്രതീക്ഷിത വിലക്ക് അടിച്ചേൽപ്പിച്ചതെന്നും റെയ്ഹാൻ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിച്ചു.

​പ്രകോപനപരമായ ഉള്ളടക്കങ്ങളും മുദ്രാവാക്യങ്ങളും നേരത്തേതന്നെ ഒഴിവാക്കി ഒരു കലാകാരൻ എന്ന നിലയിൽ സമരങ്ങളെ ഡോക്യുമെന്റ് ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്ന് റെയ്ഹാൻ പ്രതികരിച്ചു. ദേശീയ പതാകയുള്ള ചിത്രങ്ങൾപോലും ഒഴിവാക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിനെ ശക്തമായി എതിർത്തു. ഇവിടെനിന്ന് നീക്കംചെയ്ത ചിത്രങ്ങൾ പിന്നീട് മറ്റൊരു വേദിയിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക