
തിരുവനന്തപുരം: സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമഗ്രമായി പരിശോധിച്ച് പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. സെക്രട്ടേറിയറ്റിൽ 22 പ്രധാന ട്രേഡ് യൂണിയനുകളുടെ ഭാരവാഹികളുമായി ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം. ലേബർ കോഡ് നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുകയും പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാർ ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗം വിളിച്ചുചേർത്തത്.
തൊഴിൽ വകുപ്പ് സെക്രട്ടറി കൺവീനറായും നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി അംഗമായും പ്രവർത്തിക്കുന്ന സമിതിയിൽ വിവിധ തൊഴിലാളി യൂണിയനുകളിൽനിന്നുള്ള ഏഴ് പ്രതിനിധികളും തൊഴിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അംഗങ്ങളായിരിക്കും. ലേബർ കോഡിന്റെ അനുബന്ധമായി സംസ്ഥാനത്തിനാവശ്യമായ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ചുമതല. പത്തു ദിവസത്തിനകം സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. നിയമപരമായ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ലേബർ കോഡിന്റെ പ്രതികൂല ആഘാതം പരമാവധി കുറയ്ക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തിൽ വ്യക്തമാക്കി.
ലേബർ കോഡിലെ തൊഴിലാളി പരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് യൂണിയനുകൾ ഉന്നയിച്ച ആശങ്കകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും ഈ പരിധി കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി. പ്രത്യേക സമിതി തയാറാക്കുന്ന കരട് നിർദേശങ്ങൾ എല്ലാ ട്രേഡ് യൂണിയനുകൾക്കും ലഭ്യമാക്കുകയും സിറ്റിങ്ങുകളിലൂടെ അവരുടെ അഭിപ്രായങ്ങൾ നേരിട്ട് കേൾക്കുകയും ചെയ്യും. 2021-ലെ പ്രാഥമിക കരട് രേഖയിൽ ഭേദഗതികൾ നിർദേശിക്കാൻ യൂണിയനുകൾക്ക് അവസരമുണ്ടാകും. സമിതി സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്തെ ലേബർ കോഡ് ചട്ടങ്ങൾക്ക് അന്തിമരൂപം നൽകുക.