
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനവുമായി തിരുവമ്പാടി ദേവസ്വം രംഗത്ത്. നിലവിലെ റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണെന്നും വിഷയത്തിൽ നിഷ്പക്ഷമായ പുനരന്വേഷണം വേണമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ ആവശ്യപ്പെട്ടു. പൂരം കലക്കിയത് ആരാണെന്ന് സംസ്ഥാനത്തെ ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്നും നീതി തേടി മുഖ്യമന്ത്രിയെയും ആഭ്യന്തര, ദേവസ്വം മന്ത്രിമാരെയും നേരിൽ കാണുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് മേധാവി തയ്യാറാക്കിയ റിപ്പോർട്ട് ഡിജിപി സർക്കാരിന്റെ പരിഗണനയ്ക്ക് കൈമാറി. കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിന് അനുമതി തേടിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ എട്ടുപേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ റിപ്പോർട്ടിൽ, ദേവസ്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കലാപാഹ്വാനം, വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം, സംഭവത്തിൽ തുടക്കംമുതൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ടിൽ ക്ലീൻ ചിറ്റ് നൽകിയതായാണ് സൂചന. പൂരദിവസം ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങളും പൊലീസ് നടപടികളുമാണ് തർക്കങ്ങളിലേക്കും പൂരം നിർത്തിവെക്കുന്നതിലേക്കും നയിച്ചതെന്ന ആക്ഷേപങ്ങൾ ശക്തമായിരിക്കെയാണ് പൊലീസിനെ കുറ്റവിമുക്തരാക്കി ദേവസ്വത്തെ പ്രതിക്കൂട്ടിലാക്കിയത്. രാഷ്ട്രീയ സമ്മർദ്ദങ്ങൾ മൂലം ദീർഘകാലം പൂഴ്ത്തിവെച്ച ശേഷമാണ് റിപ്പോർട്ട് ഇപ്പോൾ സർക്കാർ അനുമതിക്കായി നൽകിയിരിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.