Image

ആലപ്പുഴയിലെ റെയിൽവേ സൗകര്യങ്ങൾ വെട്ടിമുറിക്കാൻ അനുവദിക്കില്ല, ധൻബാദ് എക്സ്പ്രസ് മാറ്റുന്നത് ഡിപ്പോ പൂട്ടാൻ; റെയിൽവേ നിലപാടിനെതിരെ കെ.സി. വേണുഗോപാൽ എംപി

Published on 22 October, 2026
ആലപ്പുഴയിലെ റെയിൽവേ സൗകര്യങ്ങൾ വെട്ടിമുറിക്കാൻ അനുവദിക്കില്ല, ധൻബാദ് എക്സ്പ്രസ് മാറ്റുന്നത് ഡിപ്പോ പൂട്ടാൻ; റെയിൽവേ നിലപാടിനെതിരെ കെ.സി. വേണുഗോപാൽ എംപി

കൊച്ചി: അമ്പലപ്പുഴ-ആലപ്പുഴ പാത ഇരട്ടിപ്പിക്കലിന്റെ പേരിൽ ആലപ്പുഴ റെയിൽവേ മെയിന്റനൻസ് ഡിപ്പോ അടച്ചുപൂട്ടാനും പിറ്റ്‌ലൈൻ പൊളിച്ചുനീക്കാനുമുള്ള നീക്കം ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. നിലവിൽ കേരളത്തിലെ കോച്ച് മെയിന്റനൻസ് കേന്ദ്രങ്ങൾ കടുത്ത സ്ഥലപരിമിതി നേരിടുമ്പോൾ പ്രവർത്തനക്ഷമമായ സൗകര്യങ്ങൾ തകർക്കുന്നത് യുക്തിസഹമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള നിർദേശം ഈ ഡിപ്പോ പൂട്ടാനുള്ള നീക്കത്തിന് മറയാണെന്നും വിഷയം ചൂണ്ടിക്കാട്ടി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചതായും അദ്ദേഹം അറിയിച്ചു.

​ആലപ്പുഴ യാർഡിൽത്തന്നെ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ പിറ്റ്‌ലൈൻ നിർമിക്കാൻ എൻജിനീയറിങ് ലേഔട്ടിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന് റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടതായി എംപി പറഞ്ഞു. ആലപ്പുഴയിൽനിന്ന് ആരംഭിച്ച് അവിടെത്തന്നെ അവസാനിക്കുന്ന ഏക പ്രതിദിന ഉത്തരേന്ത്യൻ സർവീസായ ധൻബാദ്-ആലപ്പുഴ എക്സ്പ്രസിന്റെ ടെർമിനലായി ആലപ്പുഴയെത്തന്നെ നിലനിർത്തണം. പകരം എറണാകുളത്ത് മണിക്കൂറുകളോളം വെറുതെ കിടക്കുന്ന ടാറ്റാനഗർ എക്സ്പ്രസ് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് നീട്ടുന്നത് പ്രായോഗിക ബദലായി പരിഗണിക്കാമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.

​പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്ത് ആലപ്പുഴയിൽനിന്ന് കൂടുതൽ ദീർഘദൂര സർവീസുകൾ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയുടെ റെയിൽവേ വികസനത്തെ ദോഷകരമായി ബാധിക്കുന്ന ഒരു നീക്കത്തോടും അനുകൂല നിലപാടെടുക്കില്ലെന്നും വിഷയത്തിൽ റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക