Image

അതിക്രമത്തിന് മുതിർന്ന പൂവാലനെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടി പതിനേഴുകാരി; പ്രതി പിടിയിൽ

Published on 22 October, 2026
അതിക്രമത്തിന് മുതിർന്ന പൂവാലനെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടി പതിനേഴുകാരി; പ്രതി പിടിയിൽ

കട്ടപ്പന: കുടുംബത്തോടൊപ്പം നടന്നുപോകുന്നതിനിടെ അതിക്രമത്തിന് മുതിർന്ന പൂവാലനെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് ഓടിച്ചിട്ട് പിടിച്ച് പെൺകുട്ടിയുടെ ധീരത. കട്ടപ്പന കുന്തളംപാറ സ്വദേശിനിയായ പതിനേഴുകാരി വീണ സജിയാണ് അക്രമിയെ അതിസാഹസികമായി പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ കട്ടപ്പന മാർക്കറ്റ് ജങ്ഷനിലായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. ഇന്ത്യൻ സൈന്യത്തിൽ ചേരുന്നതിനായുള്ള ആർമി പ്രീ-ട്രെയിനിങ് കോഴ്സിൽ പരിശീലനം നേടുന്ന വിദ്യാർത്ഥിനിയാണ് വീണ.

​മാതാപിതാക്കൾക്കൊപ്പം നഗരത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് കൊച്ചി സ്വദേശിയായ ജാക്സൺ പെൺകുട്ടിയെ ഉപദ്രവിക്കാൻ തുനിഞ്ഞത്. പിന്നാലെ രക്ഷിതാക്കളുണ്ടെന്ന് മനസ്സിലായ പ്രതി, വീണയെ റോഡിലേക്ക് തള്ളിയിട്ട് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വീഴ്ചയിൽ കാൽമുട്ടിന് പരിക്കേറ്റെങ്കിലും പതറാതെ എഴുന്നേറ്റ പെൺകുട്ടി അക്രമിയുടെ പിന്നാലെ പായുകയായിരുന്നു. മാർക്കറ്റിൽ നിന്നും പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള ഒരു കിലോമീറ്ററോളം ദൂരം പ്രതിയെ ഓടിച്ച വീണ, ഒടുവിൽ ബസ് സ്റ്റാൻഡിലെ വ്യാപാരികളുടെയും ഓട്ടോറിക്ഷാ തൊഴിലാളികളുടെയും സഹായത്തോടെ ഇയാളെ തടഞ്ഞുവെച്ചു.

​വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കട്ടപ്പന പൊലീസിന് നാട്ടുകാർ പ്രതിയെ കൈമാറി. പിടിയിലായപ്പോൾ രക്ഷപ്പെടാനായി അതിഥിത്തൊഴിലാളിയാണെന്ന് വരുത്തിത്തീർക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും ചോദ്യം ചെയ്യലിൽ എറണാകുളം സ്വദേശിയാണെന്ന് വ്യക്തമായി. മദ്യലഹരിയിലായിരുന്ന പ്രതി പകൽ സമയത്ത് കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങളിലും കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക