Image

തന്റെ പേരിലുള്ളത് വ്യാജ മൊഴിയെന്ന് വനിതാ എസ്‌ഐ; വീണാ ജോര്‍ജ് കേസില്‍ വീണ്ടും ട്വിസ്റ്റ്

Published on 22 October, 2026
 തന്റെ പേരിലുള്ളത് വ്യാജ മൊഴിയെന്ന് വനിതാ എസ്‌ഐ; വീണാ ജോര്‍ജ് കേസില്‍ വീണ്ടും ട്വിസ്റ്റ്

കണ്ണൂര്‍: മുന്‍ മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ തന്റെ പേരിലുള്ളത് വ്യാജ മൊഴിയെന്ന് വനിതാ എസ്‌ഐ. സംഭവദിവസം റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്‌ഐ ദീപ്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ച മൊഴി നല്‍കിയത്. ആദ്യ അന്വേഷണ സംഘം തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും എസ്‌ഐ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തി.

ബഹളമുണ്ടായപ്പോള്‍ മന്ത്രിയെ എത്രയും പെട്ടെന്ന് സ്ഥലത്തുനിന്ന് നീക്കാനാണ് ശ്രമിച്ചത്. ഇതിനിടെ കെഎസ്യു പ്രവര്‍ത്തകര്‍ മന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി ശ്രദ്ധയില്‍പ്പെട്ടില്ലെന്നുമാണ് എസ്‌ഐ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. കെഎസ്യു പ്രവര്‍ത്തകരുടെ ആക്രമണത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് ആദ്യ അന്വേഷണസംഘം തന്റെ പേരില്‍ കള്ളമൊഴി രേഖപ്പെടുത്തിയതാണെന്നും ദീപ്തി പ്രത്യേക അന്വേഷണ സംഘത്തോട് മൊഴി നല്‍കിയതായാണ് വിവരം.

കഴിഞ്ഞ ഫെബ്രുവരി 25നായിരുന്നു കേസിനാസ്പദമായ സംഭവം. മന്ത്രിയുടെ ഗണ്‍മാന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത് ജയിലിലടച്ചത്. എന്നാല്‍ ആയുധം ഉപയോഗിച്ച് പ്രതിഷേധക്കാര്‍ മന്ത്രിയെ ആക്രമിക്കന്‍ ശ്രമിച്ചെന്ന ആദ്യം നല്‍കിയ മൊഴി ഗണ്‍മാന്‍ ഇപ്പോള്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്പാകെ തിരുത്തിയെന്നാണ് വിവരം.

മന്ത്രിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടില്ലെന്നും മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അത്തരത്തില്‍ മൊഴി നല്‍കിയതെന്നും ഗണ്‍മാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. അതിനിടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെഎസ്യു പ്രവര്‍ത്തകരായ സി.എച്ച്. മുബാസ്, എം.സി. അതുല്‍, വിതുല്‍ ബാലകൃഷ്ണന്‍, മൂഹമ്മദ് യാസീന്‍, അക്ഷയ് മാടായി എന്നിവര്‍ ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി മൊഴി നല്‍കി.

ആരോഗ്യമേഖലയിലെ കുത്തഴിഞ്ഞ അവസ്ഥയില്‍ പ്രതിഷേധിച്ച് മന്ത്രിക്കു നേരെ കരിങ്കൊടി കാട്ടുക മാത്രമാണ് തങ്ങള്‍ ചെയ്‌തെന്നും എന്നാല്‍ രാഷട്രീയ ഗൂഢാലോചനയുടെ ഭാഗമായി വധിക്കാന്‍ ശ്രമിച്ചെന്ന കള്ളക്കേസെടുക്കുകയായിരുന്നുവെന്നാണ് ഇവര്‍ മൊഴി നല്‍കിയത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക