
കാസര്‍കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16307/16308) കാസര്‍കോട്ടേക്ക് നീട്ടിയേക്കുമെന്ന് സൂചന. മുന്‍പ് ഇതേക്കുറിച്ച് ആലോചന നടന്നിരുന്നെങ്കിലും യാഥാര്‍ഥ്യമായിരുന്നില്ല. സമയക്രമവും എന്നുമുതലാണ് നീട്ടുന്നതെന്ന കാര്യവുമൊന്നും പുറത്തുവന്നിട്ടില്ല. തീവണ്ടി നീട്ടുന്നത് കണ്ണൂരിനു വടക്കോട്ടുള്ള യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുമെങ്കിലും രാത്രി വൈകി ഇവിടെയെത്തുന്നതും പുലര്‍ച്ചെ വളരെ നേരത്തേ പുറപ്പെടുന്നതും അസൗകര്യമാണ്.
വൈകിട്ട് 3.50-ന് ആലപ്പുഴയില്‍നിന്ന് പുറപ്പെടുന്ന വണ്ടി 12.30-നാണ് കണ്ണൂരിലെത്തുന്നത്. കണ്ണൂരില്‍നിന്ന് പുലര്‍ച്ചെ 5.10-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30-ന് ആലപ്പുഴയിലുമെത്തും. തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിനെ കടത്തിവിടാനായി വഴിയില്‍ പിടിച്ചിടുന്നതിനാല്‍ മിക്ക ദിവസങ്ങളിലും വണ്ടി കണ്ണൂരിലെത്തുന്നത് വൈകിയാണ്. അതേപോലെ എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസുമായി റേക്ക് പങ്കിട്ടാണ് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. കാസര്‍കോട്ടേക്ക് നീട്ടിയാല്‍ ഇക്കാര്യത്തിലും ക്രമീകരണം വേണ്ടിവരും