
പാറശ്ശാല: ഭരണപക്ഷത്തെ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമായ ചെങ്കല്‍ ഗ്രാമപ്പഞ്ചായത്തില്‍ വിവാദങ്ങള്‍ക്ക് ആക്കംകൂട്ടി ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാനെതിരേ ഫ്‌ലെക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. പഞ്ചായത്തിലെ വിവിധയിടങ്ങളിലായി 11 പ്രധാന കേന്ദ്രങ്ങളിലാണ് 'ചെങ്കല്‍ ഗ്രാമപ്പഞ്ചായത്ത് സംരക്ഷണ സമിതി' എന്നപേരില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ചെങ്കല്‍ ഗ്രാമപ്പഞ്ചായത്തില്‍ വനിതാ പഞ്ചായത്ത് മെമ്പര്‍മാര്‍ ഭീതിയില്‍ എന്ന തലക്കെട്ടോടെയാണ് ഫ്‌ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസ് വനിതാ അംഗത്തെ ഭീഷണിപ്പെടുത്തിയ ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാനെ പുറത്താക്കുക, വനിതാ മെമ്പറുടെ പരാതി ജാഗ്രതാസമിതി പാറശ്ശാല പോലീസിനു കൈമാറിയിട്ടും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാത്തത് ഉന്നത കോണ്‍ഗ്രസ് ഇടപെടല്‍ മൂലമാണോ തുടങ്ങിയ ചോദ്യങ്ങളും ഗുരുതരമായ ആരോപണങ്ങളുമാണ് ബോര്‍ഡുകളില്‍ ഉന്നയിച്ചിരിക്കുന്നത്.
പഞ്ചായത്ത് കമ്മിറ്റിക്കുശേഷം വനിതാ അംഗത്തോട് അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയര്‍ന്ന ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാനായ നൊച്ചിയൂര്‍ സുരേഷിനെതിരേയാണ് പ്രധാനമായും വിമര്‍ശനം ഉയര്‍ന്നത്. വനിതാ അംഗത്തിന്റെ പരാതിയെത്തുടര്‍ന്ന് രണ്ടുതവണ ജാഗ്രതാസമിതി ചേര്‍ന്നെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല. ഇതിനുപിന്നാലെയാണ് പ്രസിഡന്റ് സോമരാജനെ മാറ്റണമെന്നാവശ്യപ്പെട്ട് വൈസ് പ്രസിഡന്റ് ത്രേസ്യാ സില്‍വിസ്റ്റര്‍, സജുകുമാര്‍ എസ്.പി., നൊച്ചിയൂര്‍ സുരേഷ് എന്നിവരടങ്ങുന്ന മൂന്നംഗ വിമത വിഭാഗം ഡി.സി.സി.ക്കും കെ.പി.സി.സി.ക്കും കത്ത് നല്‍കിയത്.
ഫണ്ട് വിതരണത്തിലെ അവഗണനയും ജാഗ്രതാസമിതിയെ ദുരുപയോഗം ചെയ്യുന്നതുമടക്കം ആരോപിച്ചാണ് വിമതര്‍ രംഗത്തെത്തിയതെങ്കില്‍, വനിതാ
അംഗത്തിന്റെ പരാതിയില്‍നിന്നു രക്ഷപ്പെടാനാണ് വിമതവിഭാഗം പരാതിയുമായി പാര്‍ട്ടി നേതൃത്വത്തിനെ സമീപിച്ചതിനു പിന്നിലെന്നാണ് പ്രസിഡന്റിനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ വാദം.
ഇതിനിടെ പഞ്ചായത്തില്‍ വ്യാപകമായി ഉയര്‍ന്ന ഫ്‌ലെക്സ് ബോര്‍ഡുകള്‍ കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. വിഷയം പോലീസിനു വിടണമെന്ന നിലപാടില്‍ പ്രതിപക്ഷവും ഉറച്ചുനില്‍ക്കുന്നതോടെ ചെങ്കല്‍ പഞ്ചായത്ത് ഭരണം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്. എന്നാല്‍, ഫ്‌ലെക്സില്‍ പരാമര്‍ശിക്കുന്ന തരത്തില്‍ ജാഗ്രതാസമിതിയില്‍നിന്നു യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പാറശ്ശാല പോലീസ് അറിയിച്ചു.