
ഒഹായോ ഗവർണർ മത്സരത്തിൽ ഡെമോക്രാറ്റിക് എതിരാളി ആമി ആക്ടന്റെ സ്വകാര്യതയിലേക്കു കടന്നു ആക്രമണം നടത്തിയ റിപ്പബ്ലിക്കൻ സ്ഥാനാർഥി വിവേക് രാമസ്വാമിയുടെ പരസ്യത്തിനു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പിന്തുണ നൽകി. ആക്ടനു 12 വയസുള്ളപ്പോൾ അവരിൽ നിന്നു വേർപെട്ട 'അമ്മ മകളെ വിമർശിക്കുന്ന പരസ്യത്തെ കുറിച്ചു ചില റിപ്പബ്ലിക്കൻ നേതാക്കൾ പരാതി പറയുന്നത് മടുപ്പുണ്ടാക്കുന്നുവെന്നു വാൻസ് പറഞ്ഞു.
സിൻസിനാറ്റിയിൽ പത്ര സമ്മേളനത്തിൽ സംസാരിച്ച വാൻസ് പറഞ്ഞു: "പരസ്യം ഉചിതമോ അല്ലയോ എന്നതല്ല വിഷയം. അതിനെ കുറിച്ച് പരാതി പറയുന്ന റിപ്പബ്ലിക്കന്മാർക്കു ഡെമോക്രാറ്റുകളെ കുറിച്ച് പരാതിയൊന്നും പറയാനില്ലേ?"
പരസ്യത്തെ എതിർക്കണോ എന്നതല്ല വിഷയമെന്നു വാൻസ് പറഞ്ഞു. "ആമി ആക്ടനു ഒഹായോ ഗവര്ണറാവാൻ യോഗ്യതയുണ്ടോ? ഇല്ലെന്നു ഞാൻ കരുതുന്നു.
"വിവേകിന് അതിനുള്ള യോഗ്യതയുണ്ട്. അതുകൊണ്ടു അദ്ദേഹം ആവണം."
രാമസ്വാമിയെ ചില പരസ്യങ്ങളിൽ കൊലയാളിയെന്നും മറ്റും വിളിച്ചിട്ടുണ്ടെന്നു വാൻസ് ചൂണ്ടിക്കാട്ടി. "രാഷ്ട്രീയം കഠിനമാണ്. എനിക്ക് റിപ്പബ്ലിക്കൻ സഹപ്രവർത്തകരോടു പറയാനുള്ളത് നിങ്ങൾ പാർട്ടിയിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ പരാതി പറയുന്നത് നിർത്തി 13 ദിവസം കഴിഞ്ഞു നടക്കുന്ന മത്സരം ജയിക്കാൻ പരിശ്രമിക്കുക."
Vance backs Ramaswamy on controversial ad