Image

ട്രെയിന്‍ അട്ടിമറിക്ക് ശ്രമിച്ചത് ജോലികിട്ടാത്തതിന്റെ പകയില്‍; യുവാവ് പിടിയില്‍ ; ദുരന്തം ഒഴിവാക്കിയത് ലോക്കോപൈലറ്റ്

Published on 22 October, 2026
 ട്രെയിന്‍ അട്ടിമറിക്ക് ശ്രമിച്ചത് ജോലികിട്ടാത്തതിന്റെ പകയില്‍; യുവാവ് പിടിയില്‍ ; ദുരന്തം ഒഴിവാക്കിയത് ലോക്കോപൈലറ്റ്

 

ഷൊര്‍ണൂര്‍: മാന്നനൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തില്‍ കോണ്‍ക്രീറ്റും ഇരുമ്പു കഷ്ണവും കയറ്റിവെച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ബിഹാര്‍ സ്വദേശിയെ അറസ്റ്റു ചെയ്തു. ബിഹാര്‍ കത്തിഹാര്‍ ജില്ല മനിഹരി നീമ പോസ്റ്റ് ഡോംടോലയില്‍ ഷുക്ലാല്‍ മറയ്യ (24) ആണ് റെയില്‍വേ സുരക്ഷാസേനയുടെ പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെ മാന്നനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കണ്ണൂര്‍-കോയമ്പത്തൂര്‍ എക്‌സ്പ്രസ് കടന്നുപോകുന്ന സമയത്താണ് സംഭവം. വലിയ കോണ്‍ക്രീറ്റ് സ്ലാബ്, റെയില്‍പ്പാളത്തിന്റെ കഷ്ണം, ബാഗ് എന്നിവ കണ്ടെത്തുകയായിരുന്നു.


കണ്ണൂര്‍-കോയമ്പത്തൂര്‍ തീവണ്ടിയിലെ ലോക്കോ പൈലറ്റാണ് എതിര്‍ദിശയിലെ പാളത്തില്‍ അപകടാവസ്ഥകണ്ട് അറിയിച്ചത്. ഇതോടെ റെയില്‍വേ ജീവനക്കാരെത്തി ഇവ നീക്കംചെയ്തു. ഒറ്റപ്പാലം, ഷൊര്‍ണൂര്‍ പോലീസും റെയില്‍വേ സുരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് ഷുക്ലാല്‍ മറയ്യയെ റെയില്‍വേ സുരക്ഷാസേന പിടികൂടിയത്.

തീവണ്ടി മറിയുമെന്ന് അറിയാമെന്നും ജോലിയൊന്നും ലഭിക്കാത്തതിനാല്‍ സമൂഹത്തോടുള്ള ദേഷ്യമാണ് ഇങ്ങനെചെയ്യാന്‍ പ്രേരിപ്പിച്ചതെന്നുമാണ് ഇയാളുടെ മൊഴി. മാന്നനൂര്‍ഭാഗത്തുനിന്ന് നടന്നുവന്നാണ് പാളത്തില്‍ കോണ്‍ക്രീറ്റും ഇരുമ്പുകഷ്ണവും വെച്ചതെന്നും ഇയാള്‍ പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക