
പെരിന്തല്‍മണ്ണ: എടപ്പാളിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സതേടിയ യുവാവില്‍ നിന്ന് 21.42 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ പട്ടാമ്പി ആമയൂര്‍ ചിരങ്ങന്‍തൊടി വീട്ടില്‍ സിബിന്‍ (25) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി എടപ്പാളിലായിരുന്നു സംഭവം. ബൈക്കപകടത്തില്‍ പരിക്കേറ്റ സിബിനെ ആദ്യം എടപ്പാളിലെ ക്ലിനിക്കിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് ഇയാളുടെ പോക്കറ്റില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഉടന്‍തന്നെ പെരിന്തല്‍മണ്ണ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലിസെത്തി നടത്തിയ വിശദമായ പരിശോധനയില്‍ 21.42 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി പ്രതിയെ റിമാന്‍ഡ് ചെയ്തു.
പെരിന്തല്‍മണ്ണ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍, എസ്‌ഐമാരായ അനീഷ്, രാമചന്ദ്രന്‍, സിപിഒ സുധീഷ്, ഹാമിര്‍ സുഹൈല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.