
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ പത്ത് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലിസ് കേസെടുത്തു. പാലക്കാട് മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളജിലെ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ ചവിട്ടി അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് പൊലിസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തത്.
എംഎസ്എഫ്, എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തില്‍ പൊലിസ് കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.