
ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവിനെ തുടര്‍ന്ന് രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തില്‍ ദമ്പതികളുടെ നവജാത ശിശുവിനെ സിഡബ്ല്യുസി ഏറ്റെടുക്കുന്നതില്‍ പ്രതിസന്ധി. നവജാത ശിശുവിനെ ശിശുക്ഷേമസമിതിക്ക് വിട്ടുനല്‍കില്ലെന്നും വീട്ടിലേക്ക് പോകണമെന്നും മാതാവ് താര നിലപാടെടുത്തതോടെയാണ് പ്രതിസന്ധി. ഇന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല രണ്ട് വയസുകാരന്റെ വീട് സന്ദര്‍ശിക്കും.
രാജേഷ് - താര ദമ്പതികളുടെ ഏഴ് കുട്ടികളില്‍ രണ്ട് ആണ്‍കുട്ടികളാണ് മരിച്ചത്. നാല് പെണ്‍കുട്ടികളെ ഇതിനോടകം സിഡബ്ല്യുസി ചൈല്‍ഡ് ഹോമിലേക്ക് മാറ്റി. നവജാതശിശു ദമ്പതികള്‍ക്ക് ഒപ്പം സുരക്ഷിതമല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കാന്‍ ജില്ലാ ശിശുക്ഷേമ സമിതി തീരുമാനിച്ചത്. എന്നാല്‍, ഇതിന് മാതാവിന്റെ സമ്മതം വേണം. ഇന്നലെ അമ്മ താരയുമായി സിഡബ്ല്യുസി അധികൃതര്‍ സംസാരിച്ചെങ്കിലും വിസമ്മതം അറിയിക്കുകയായിരുന്നു.
കുട്ടിയെ വിട്ടുതരില്ലെന്നും വീട്ടിലേക്ക് മടങ്ങണമെന്നുമാണ് താരയുടെ ആവശ്യം. ഇതില്‍ സിഡബ്ല്യുസി എതിര്‍പ്പറിയിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടി്‌നറെ അടിസ്ഥാനത്തില്‍ കുട്ടിയെ ഏറ്റെടുക്കുന്നതിനായി നിയമോപദേശം തേടുകയാണ് സിഡബ്ല്യുസി. അതേസമയം, രണ്ട് വയസുകാരന്റെ മരണം ഇന്നലെയാണ് താരയെ അറിയിച്ചത്. സ്വന്തം കുഞ്ഞ് മരിച്ചതറിഞ്ഞിട്ടും അമ്മയ്ക്ക് ഭാവവ്യത്യാസങ്ങളുണ്ടായിരുന്നില്ല. താരയ്ക്ക് ഉടന്‍ കൗണ്‍സലിംഗ് നല്‍കാനാണ് തീരുമാനം. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഉടന്‍ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് കൈമാറും.
രാജേഷ് - താര ദമ്പതികളുടെ ഏഴ് കുട്ടികളില്‍ ആറാമത്തെ ആളായിരുന്നു രണ്ടുവയസ്സുകാരന്‍ രാഹുല്‍. കഴിഞ്ഞ ദിവസം രാവിലെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷയില്‍ മൃതദേഹവുമായി രാജേഷ് ആദ്യമെത്തിയത് ഹരിപ്പാട് ഡാണാപ്പടിയിലെ ബന്ധുവീട്ടിലാണ്. ആരുമറിയാതെ മൃതദേഹം ഇവിടെ മറവ് ചെയ്യാനായിരുന്നു ശ്രമം. പിന്നീട് നാട്ടുകാര്‍ ഇടപ്പെട്ട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പോഷകാഹര കുറവ് മൂലമുണ്ടായ അസുഖങ്ങളാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. എന്നാല്‍ കുഞ്ഞിന് ജന്മനാ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുടുംബത്തില്‍ സര്‍പ്പ ദോഷത്താല്‍ ഒരു മരണം ഉണ്ടാകുമെന്ന വിധിയുടെ ഫലത്താലാണ് കുട്ടി മരിച്ചതെന്നുമായിരുന്നു പിതാവ് രാജേഷിന്റെ വിചിത്ര വാദം.
ഒമ്പത് വര്‍ഷം മുമ്പ് മൂന്നര മാസം പ്രായമുള്ള ഒരു കുട്ടിയും മരിച്ചിരുന്നു. ആരെയും അറിയിക്കാതെ ബന്ധുവീട്ടില്‍ മൃതദേഹം മറവ് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടി മരിച്ചതിന് ഔദ്യോഗിക രേഖകളില്ല. കുട്ടികളെ ഉപയോഗിച്ച് മാതാപിതാക്കള്‍ പണം പിരിച്ചെന്നും ജോലി ചെയ്യാതെ ജീവിക്കാന്‍ കുട്ടികളെ മറയാക്കിയെന്നും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കുട്ടികളുടെ മുന്നിലിരുന്ന് മാതാപിതാക്കള്‍ സ്ഥിരമായി മദ്യപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.