
സ്വകാര്യത സംബന്ധിച്ചു ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു എന്ന കുറ്റത്തിനു മെറ്റാ $25 ബില്യൺ നഷ്ടപരിഹാരം നൽകണമെന്നു ന്യൂ മെക്സിക്കോ കോടതി വിധിച്ചു. സാങ്കേതിക ഭീമന്മാർക്കെതിരെ ചുമത്തിയിട്ടുള്ള ഏറ്റവും വലിയ പിഴ ശിക്ഷകളിൽ ഒന്നാണിത്.
രാഷ്ട്രീയ കൺസൾട്ടൻസി നടത്തുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനിയും ഉൾപ്പെട്ട കേസ് 2021ലാണ് ന്യൂ മെക്സിക്കോ തുടങ്ങി വച്ചത്. ഡാറ്റ സ്വകാര്യത സംബന്ധിച്ചു മെറ്റാ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു എന്നവർ ആരോപിച്ചു.
രണ്ടാഴ്ച്ച നീണ്ട വിചാരണയ്ക്കു ശേഷം കഴിഞ്ഞ മാസം സാന്ത ഫിയിലെ സ്റേറ് ഡിസ്‌ട്രിക്‌ട് കോർട്ട് മെറ്റയ്‌ക്കെതിരെ തീർപ്പു കല്പിച്ചു. ന്യൂ മെക്സിക്കോ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ 43 മില്യൺ ലംഘനങ്ങളാണ് കോടതി കണ്ടെത്തിയത്. ഓരോ ലംഘനത്തിനും $5,000 വരെ പിഴയുണ്ട്.
ബുധനാഴ്ച്ച ജഡ്ജ് ഫ്രാൻസിസ് ജെ. മാത്യു ആണ് ചരിത്രമായ വിധി പ്രഖ്യാപിച്ചത്. കമ്പനി കരുതിക്കൂട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെയ്സ്ബൂക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവ നടത്തുന്ന മെറ്റയ്ക്കു ശക്തമായ പ്രഹരമാണിത്. അപ്പീൽ പോകുമെന്നു കമ്പനി അറിയിച്ചു.
ന്യൂ മെക്സിക്കോ ഇതിനു മുൻപും മെറ്റയെ ശിക്ഷിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ കുട്ടികളായ ഉപയോക്താക്കൾക്കു ദൂഷ്യം ചെയ്തു എന്നതിന്റെ പേരിൽ ഒരു കോടതി മെറ്റയ്ക്കു $567 മില്യൺ പിഴയടിച്ചു. അതേ കേസിൽ മാർച്ചിൽ $375 മില്യൺ പിഴയും ചുമത്തിയിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം ലഭിക്കുന്ന സാങ്കേതിക കമ്പനികളെ ശിക്ഷിക്കാൻ സംസ്ഥാന ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ സഹായിക്കുന്നു എന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി.
കുട്ടികൾക്ക് അഡിക്ഷൻ ഉണ്ടാക്കുന്നു എന്ന കേസിൽ $17.1 ബില്യൺ നഷ്ടപരിഹാരം നൽകാൻ 47 സ്റ്റേറ്റുകളുമായി മെറ്റാ ഓഗസ്റ്റിൽ തീർപ്പുണ്ടാക്കി.
New Mexico court fines Meta $25 billion over privacy violation