Image

വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകൾ

Published on 21 October, 2026
വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകൾ

തിരുവനന്തപുരം: വിജയദശമി ദിനത്തിൽ കേരളത്തിലുടനീളം  അറിവിന്റെ ലോകത്തേക്ക് ആയിരക്കണക്കിന് കുരുന്നുകൾ ആദ്യ ചുവടുവച്ചു. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ബുധനാഴ്ച നടന്ന വിദ്യാരംഭച്ചടങ്ങുകളിൽ രണ്ടിനും മൂന്നിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൂടുതലായും ആദ്യക്ഷരം കുറിച്ചത്. പണ്ഡിതർ, എഴുത്തുകാർ, അധ്യാപകർ, പുരോഹിതർ തുടങ്ങി പ്രമുഖ വ്യക്തികൾ കുട്ടികൾക്ക് അറിവിന്‍റെ ആദ്യക്ഷരങ്ങൾ പകർന്നുനൽകി.

തിരൂരിലെ തുഞ്ചൻപറമ്പ്, കോട്ടയത്തെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം, വടക്കൻ പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രം എന്നിവയുൾപ്പെടെ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭം നടത്തി. അയൽസംസ്ഥാനമായ കർണാടകയിലെ പ്രസിദ്ധമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും ആയിരക്കണക്കിന് വിശ്വാസികൾ കുട്ടികളുമായി എത്തി.

മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്‍റെ ജന്മസ്ഥലമായ തുഞ്ചൻപറമ്പിൽ പുലർച്ചെ അഞ്ചോടെ ചടങ്ങുകൾ ആരംഭിച്ചു. പ്രമുഖ എഴുത്തുകാരും പരമ്പരാഗത ഗുരുക്കന്മാരും കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നുനൽകി. പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ പുലർച്ചെ 3.30ന് നട തുറന്ന് പൂജകൾ പൂർത്തിയാക്കിയ ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക