
മംഗളൂരു: ദസറ ആഘോഷത്തിനിടെ ആനയ്ക്ക് അടിതെറ്റിയതോടെ ശിവമോഗയിൽ പരിഭ്രാന്തി. ശിവമോഗ കോട്ടയിലെ ശിവപ്പ നായക കൊട്ടാരത്തിൽനിന്നുള്ള ഘോഷയാത്രയ്ക്കിടെ സോമണ്ണ എന്ന ആന നിയന്ത്രണം വിട്ട് പിറകിലേക്ക് മറിഞ്ഞതാണ് അപകടത്തിന് കാരണമായത്. ആന വഹിച്ചിരുന്ന വെള്ളിരഥം മറിഞ്ഞതോടെ അതിൽ പ്രതിഷ്ഠിച്ചിരുന്ന ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹവും നിലത്തുവീണു. സംഭവത്തെ തുടർന്ന് ഘോഷയാത്ര നിർത്തിവച്ചു.
പകൽ നടന്ന ദസറയിലെ ജംബോസവാരിക്കിടെയായിരുന്നു സംഭവം. ആനയുടെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന ജനങ്ങൾ പരിഭ്രാന്തരായി. വിരണ്ടോടിയ ആന രണ്ട് കാറുകൾക്കും മൂന്ന് മോട്ടോർ സൈക്കിളുകൾക്കും കേടുപാടുകൾ വരുത്തി.
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ നിയന്ത്രണത്തിലാക്കി. അപകടത്തെത്തുടർന്ന് ഘോഷയാത്രയ്ക്കിടെയുണ്ടായ ആശങ്കയ്ക്ക് പിന്നാലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളും നടന്നു.