
കോയമ്പത്തൂർ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനും 'വി ദ ലീഡേഴ്സ്' സ്ഥാപകനുമായ കെ. അണ്ണാമലൈ കോക്രോച്ച് ജനതാ പാർട്ടിക്ക് (സിജെപി) പിന്തുണ പ്രഖ്യാപിച്ചു. പാർട്ടി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് രങ്കയ്ക്കുമെതിരായ കേസ് ഡൽഹി പൊലീസ് കൈകാര്യം ചെയ്യുന്ന രീതിയും, ഇവരുടെ തുടർച്ചയായ ജുഡീഷ്യൽ കസ്റ്റഡിയും നിയമവാഴ്ചയെക്കുറിച്ച് ആശങ്ക ഉയർത്തുന്നുവെന്ന് അദ്ദേഹം കോയമ്പത്തൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
"സിജെപിയുടെ പല പ്രതിഷേധരീതികളോടും ചില പ്രവർത്തനങ്ങളോടും എനിക്ക് യോജിപ്പില്ലായിരിക്കാം. പക്ഷേ, അവർ ഉന്നയിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളെ ഞാൻ പൂർണമായും പിന്തുണയ്ക്കുന്നു. അതിന് ഉത്തരം പറയേണ്ടത് സർക്കാരാണ്," അണ്ണാമലൈ പറഞ്ഞു.
ദീർഘകാല തടവ് സിജെപി നേതാക്കളെ ദുർബലരാക്കുന്നതിനു പകരം കൂടുതൽ കരുത്തരാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേസ് കൈകാര്യം ചെയ്യുന്നതിലൂടെ ഡൽഹി പൊലീസ് ദ്രോഹമാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.