Image

സർക്കാർ ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നവരുടെ വിവരം നൽകുന്നവർക്ക് 30,000 ഡോളർ വരെ പാരിതോഷികം

Published on 21 October, 2026
   സർക്കാർ ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നവരുടെ വിവരം നൽകുന്നവർക്ക് 30,000 ഡോളർ വരെ പാരിതോഷികം

വാഷിങ്ടൺ: സർക്കാർ ഫണ്ടുകളുടെ ദുരുപയോഗവും സാമ്പത്തിക തട്ടിപ്പുകളും കണ്ടെത്താൻ വിവരം നൽകുന്നവർക്ക് 30,000 ഡോളർ വരെ പാരിതോഷികം നൽകുന്ന പുതിയ പദ്ധതി യുഎസ് നീതിന്യായ വകുപ്പ് പ്രഖ്യാപിച്ചു. പദ്ധതിക്കായി ട്രഷറി വകുപ്പ് 25 മില്യൺ ഡോളർ അനുവദിച്ചിട്ടുണ്ട്.

ഫ്രോഡ് വിസിൽബ്ലോവർ ഇൻസെന്റീവ് പ്രോഗ്രാം (WHIP) എന്ന പേരിലുള്ള പദ്ധതി പ്രകാരം, ക്രിമിനൽ തട്ടിപ്പ് കേസുകളിൽ കുറ്റം ചുമത്താൻ സഹായിക്കുന്ന വിശ്വസനീയമായ വിവരങ്ങൾ നൽകുന്നവർക്ക് 10,000 മുതൽ 30,000 ഡോളർ വരെ ലഭിക്കും. നീതിന്യായ വകുപ്പിന്റെ നാഷണൽ ഫ്രോഡ് എൻഫോഴ്‌സ്‌മെന്റ് ഡിവിഷനാണ് പദ്ധതി നടപ്പാക്കുന്നത്.

പരമ്പരാഗത വിസിൽബ്ലോവർ പദ്ധതികളിൽനിന്ന് വ്യത്യസ്തമായി, കുറ്റപത്രമോ ക്രിമിനൽ പരാതിയോ ഔദ്യോഗികമായി സമർപ്പിച്ച് പരസ്യപ്പെടുത്തിയ ഘട്ടത്തിൽത്തന്നെ പാരിതോഷികം നൽകാൻ പുതിയ പദ്ധതി അവസരമൊരുക്കുന്നു. കേസിൽ അന്തിമവിധി വരുന്നതോ പണം തിരിച്ചുപിടിക്കുന്നതോ അപ്പീൽ നടപടികൾ പൂർത്തിയാകുന്നതോ വരെ കാത്തിരിക്കേണ്ടതില്ല.

വിവരങ്ങൾ കൃത്യവും സത്യസന്ധവും സമയബന്ധിതവും പുതിയതുമായിരിക്കണം. തട്ടിപ്പ് കണ്ടെത്താൻ സഹായിക്കുന്ന നിർണായക തെളിവുകൾ നൽകുന്നവർക്കാണ് പരിഗണന. തട്ടിപ്പിൽ നേരിട്ട് പങ്കെടുത്തവർക്ക് പൊതുവെ പാരിതോഷികത്തിന് അർഹതയുണ്ടാകില്ല. പാരിതോഷികം നൽകണമോയെന്നും തുക എത്രയായിരിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം നീതിന്യായ വകുപ്പിനാണ്.

പദ്ധതി തുടക്കത്തിൽ മൂന്നുവർഷത്തെ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും നടപ്പാക്കുക. ഫെഡറൽ പദ്ധതികളിലെ തട്ടിപ്പുകൾ കണ്ടെത്തുന്നത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെയും ഭരണകൂടത്തിന്റെ പ്രധാന മുൻഗണനകളിലൊന്നാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക