Image

ഈ സിനിമ ആദ്യാവസാനം നന്നായി ആസ്വദിച്ചു, ഒറ്റയിരുപ്പിൽ സിനിമ കണ്ടു ; ബെത്‌ലഹേം കുടുംബ യൂണിറ്റിനെ പ്രശംസിച്ച് മുഖ്യമന്ത്രി

Published on 20 October, 2026
  ഈ സിനിമ ആദ്യാവസാനം നന്നായി ആസ്വദിച്ചു, ഒറ്റയിരുപ്പിൽ സിനിമ കണ്ടു ; ബെത്‌ലഹേം കുടുംബ യൂണിറ്റിനെ പ്രശംസിച്ച്  മുഖ്യമന്ത്രി

ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ പുറത്തിറങ്ങി ബോക്സ് ഓഫീസിൽ സർവ്വകാല റെക്കോർഡുകൾ തകർത്ത ചിത്രമാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. തിയേറ്ററുകളിൽ കോടികൾ വാരിക്കൂട്ടിയ ചിത്രം ഒടിടി റിലീസിന് ശേഷവും സൈബർ ഇടങ്ങളിൽ വലിയ ചർച്ചയായി തുടരുകയാണ്. നിവിൻ പോളി അവതരിപ്പിച്ച 'ജസ്റ്റിൻ' എന്ന കഥാപാത്രവും മമിത ബൈജുവിന്റെ 'ആഷ്‌ലി'യും പ്രേക്ഷകരുടെ മനസ്സ് കവർന്നു കഴിഞ്ഞു.

ഇപ്പോഴിതാ, കുടുംബത്തോടൊപ്പം ബെത്‌ലഹേം കുടുംബ യൂണിറ്റ് കണ്ടതായും ഒരുപാട് ഇഷ്ടപ്പെട്ടതായും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി സതീശൻ. ട്രീറ്റ്മെൻ്റിലാണ് സിനിമ വ്യത്യസ്‌തമാകുന്നതെന്നും ചിത്രം കണ്ട് അൽപം പോലും മുഷിഞ്ഞില്ലെന്നും അദ്ദേഹം കുറിച്ചു. "എൻ്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റി. അന്ന് ഞങ്ങൾ കണ്ട നാട്ടിൻപുറങ്ങൾ, അവിടുത്തെ മനുഷ്യർ, അവിടെ കണ്ട സാധാരണ ജീവിതങ്ങൾ, അവർ തമ്മിലുള്ള സ്‌നേഹം,  ഊഷ്മളമായ പ്രണയങ്ങൾ; അങ്ങനെ എല്ലാം കൊണ്ടും  പിടിച്ചിരുത്തിയ സിനിമ. കണ്ട് കഴിഞ്ഞപ്പോൾ എന്തേ കാണാൻ വൈകിപ്പോയെന്നാണ് ചിന്തിച്ചത്", മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഒരു സിനിമ കണ്ടിട്ട് ആസ്വാദന കുറിപ്പ് എഴുതുന്നത് പതിവില്ലാത്തതാണെന്നും പക്ഷെ അത്രമേൽ ആസ്വദിച്ചത് കൊണ്ടും റിഫ്രഷ് ആയത് കൊണ്ടുമാണ് എഴുതാമെന്നു വച്ചതെന്നും അദ്ദേഹം പറഞ്ഞു. "നായകനെന്നും നായികയെന്നും പറയാവുന്ന കഥാപാത്രങ്ങൾ മാത്രമല്ല, ഒന്നോ രണ്ടോ സീനുകളിൽ വരുന്നവർ പോലും അവരുടെ സാന്നിധ്യം അറിയിച്ചു. നന്നായി ചിരിപ്പിച്ചു... ഇടയ്ക്ക് ചിലപ്പോൾ വിഷമിപ്പിച്ചു... ആദ്യാവസാനം നന്നായി ആസ്വദിച്ചു. ഒരു കംപ്ലീറ്റ് ടീം വർക്കാണ് ഈ സിനിമ," അദ്ദേഹം പറഞ്ഞു.

സംവിധായകൻ ഗിരീഷ് എ.ഡിയേയും നടൻ സംഗീത് പ്രതാപിനെയും ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചുതായും നിവിൻ പോളിയെയും മമിത ബൈജുവിനെയും ഫോണിൽ കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കഥാപാത്രങ്ങളിൽ തന്റെ മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണെന്നും 'പാവം ഗ്ലിക്സൻ' എന്നും അദ്ദേഹം കുറിച്ചു. സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും മുഖ്യമന്ത്രി സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക