Image

അടിമാലി–മൂന്നാർ പാത അടച്ചു, യാത്രക്കാർക്ക് ജാഗ്രതാനിർദേശം; കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറക്കും

Published on 20 October, 2026
അടിമാലി–മൂന്നാർ പാത അടച്ചു, യാത്രക്കാർക്ക് ജാഗ്രതാനിർദേശം; കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറക്കും

ചെറുതോണി:  തുലാവർഷം ശക്തമായതോടെ ഹൈറേഞ്ച് മേഖലയിൽ കനത്ത മഴ. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർ ഡാമിന്റെ നാല് ഷട്ടറുകളും തുറക്കാൻ തീരുമാനിച്ചു. രാത്രി എട്ട് മണി മുതൽ ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം ഉയർത്തും. 

അതേസമയം, കൊച്ചി–ധനുഷ്കോടി ദേശീയപാത 85-ൽ അടിമാലി–മൂന്നാർ റൂട്ടിലെ രണ്ടാം മൈലിൽ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചതിനെ തുടർന്ന് ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചു. സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതുവരെ നിരോധനം തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.

കല്ലാർ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതും ജലനിരപ്പ് റെഡ് അലർട്ട് നിലയിലേക്ക് ഉയരുന്നതുമാണ് ഷട്ടറുകൾ തുറക്കാൻ കാരണം. നിലവിൽ 821 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണനിരപ്പ് 824.48 മീറ്ററാണ്. ഷട്ടറുകൾ തുറക്കുന്നതോടെ സെക്കൻഡിൽ 80 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പും മഞ്ഞ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക