Image

കോവളം സ്പാ പീഡനക്കേസ്; ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

Published on 20 October, 2026
കോവളം സ്പാ പീഡനക്കേസ്; ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  അറസ്റ്റില്‍

 തിരുവനന്തപുരം; കോവളത്തെ സ്പാ പീഡനക്കേസില്‍ ഉള്ളൂര്‍ സോണല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ് അറസ്റ്റില്‍. സ്പാ ഇയാളുടെ ബിനാമി സ്ഥാപനമാണെന്നും സ്പായില്‍ നിന്നുള്ള വരുമാനം കൈകാര്യം ചെയ്തിരുന്നത് അനുരൂപാണെന്നും പോലീസ് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്. പിന്നാലെ, അനുരൂപിനെ ചുമതലയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായും മേയര്‍ അറിയിച്ചു.

16 വയസുകാരിയെ തിരുവനന്തപുരത്തെത്തിച്ചത് കേസില്‍ മുന്‍പ് അറസ്റ്റിലായ സ്പാ ഉടമ സജിത്താണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ മാതൃസഹോദരിയുമായി സജിത്തിനെ പരിചയപ്പെടുത്തിയത് ബെംഗളുരുവിലുള്ള ഒരു യുവതിയാണ്. തുടര്‍ന്ന് സജിത്തും യുവതിയും ചേര്‍ന്ന് കുടുംബത്തെ കോവളത്ത് എത്തിച്ചുവെന്നാണ് പോലീസ് പറയുന്നത്.

കുട്ടിയെ ചെന്നൈയിലും മറ്റും കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ചെന്നൈയില്‍ കുട്ടിയെ കൊണ്ടുപോയിട്ടില്ലെന്നാണ് മാതൃസഹോദരി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കോവളത്തെ മൂന്ന് സ്പാകളില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണ് പോലീസിന് ലഭിച്ച വിവരം. ആയുര്‍കേരള, ഡാലിയ ഹോം, കേരള ആയുര്‍വേദ എന്നീ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് അതിക്രമങ്ങള്‍ നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

 പതിനാറുകാരിയുടേത് മനുഷ്യക്കടത്തെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തതായും അന്വേഷണസംഘം അറിയിച്ചു. അതേസമയം, കേസില്‍ സിഡിആര്‍ അടക്കമുള്ള തെളിവുകള്‍ നിരത്തി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് പറയുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

മാതാപിതാക്കള്‍ മരിച്ച പെണ്‍കുട്ടിയുടെ സംരക്ഷണച്ചുമതല മാതൃസഹോദരിയും ഭര്‍ത്താവുമാണ് ഏറ്റെടുത്തിരുന്നത്. പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടി കോവളത്തുവെച്ച് പരിചയപ്പെട്ട യുവാവിനോട് ദുരനുഭവങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കൊപ്പം പോവുകയും ചെയ്തു. മാതൃസഹോദരി നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് പെണ്‍കുട്ടിയുടെ പ്രായവുമായി ബന്ധപ്പെട്ട വിവരം പുറത്തുവന്നത്. 16 വയസ്സും 20 വയസ്സും രേഖപ്പെടുത്തിയ രണ്ട് ആധാര്‍ കാര്‍ഡുകള്‍ കുട്ടിയുടെ കൈവശമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. പരിശോധനയില്‍ പെണ്‍കുട്ടിക്ക് 16 വയസ്സാണെന്ന് സ്ഥിരീകരിച്ചതോടെ പോലീസ് ഷെല്‍ട്ടറിലേക്ക് മാറ്റി. 

തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് ദീര്‍ഘകാലമായി താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക