
കണ്ണൂർ: കോൺഗ്രസ് നേതാക്കളുടെ ചെളിവാരി എറിയലിനെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്. അഭിപ്രായങ്ങൾ പാർട്ടി വേദിയിലാണ് പറയേണ്ടതെന്നും പരസ്യമായിട്ടല്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകൾ നേതാക്കൾ നടത്തരുതെന്നും വിവാദമുണ്ടാക്കാനുള്ള അവകാശം ആർക്കുമില്ലെന്നും സണ്ണി ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാർട്ടിയും സർക്കാരും കൈക്കൊള്ളുന്ന തീരുമാനങ്ങൾ അംഗീകരിക്കാൻ എല്ലാ നേതാക്കളും പ്രവർത്തകരും അംഗങ്ങളും ബോധ്യസ്ഥരാണ്. പാർട്ടി അച്ചടക്കം പാലിക്കണം. വിവാദപ്രസ്താവനകളിൽ നിന്ന് എല്ലാവരും മാറിനിൽക്കണം. അല്ലാത്തപക്ഷം ദേശീയനേതൃത്വത്തെ അറിയിക്കേണ്ടിവരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരേ രംഗത്തെത്തിയ അടൂർപ്രകാശിന് മറുപടിയില്ലെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. വിവാദപ്രസ്ഥാവനകൾ നേതൃത്വം ഇഷ്ടപ്പെടുന്നില്ല. അത് തടയേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. പ്രതികരണം നേരിട്ട് അറിയിക്കും. അഭിപ്രായം പറയാനുള്ള വേദികളുണ്ട്. പാർട്ടിക്ക് തലവേദനയാകുന്ന പ്രസ്താവനകൾ ആരും നടത്തരുത്. തുടർച്ചയായി വിവാദപ്രസ്താവനകൾ നടത്തുന്നതിലാണ് രംഗത്തെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.