
മുംബൈ: ഓഗസ്റ്റ് ക്രാന്തി മൈതാനിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന് രാജ്യം വിടാൻ നോട്ടീസ് നൽകിയതിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബർ 26 ന് അദ്ദേഹത്തിൻ്റെ ഹർജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠിയും ജസ്റ്റിസ് അദ്വൈത് സേത്നയും അടങ്ങുന്ന ബെഞ്ചിന് മുമ്പാകെയാണ് അടിയന്തര വാദം കേൾക്കാനുള്ള ഹർജി സമർപ്പിച്ചത്. മുതിർന്ന അഭിഭാഷകൻ വെങ്കിടേഷ് ധോണ്ട് ഇമ്രാൻ ഖാന് വേണ്ടി ഹാജരായി.
രണ്ട് വയസ് മുതൽ ഇമ്രാൻ ഖാൻ കുടുംബത്തോടൊപ്പം ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്നും ഇതുവരെ അദ്ദേഹത്തിനെതിരെ ഒരു ക്രിമിനൽ കേസും രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകർ വാദിച്ചു. ഒരു പ്രതിഷേധത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ മാത്രം രാജ്യം വിടാൻ നോട്ടീസ് നൽകിയത് തെറ്റാണെന്നും മുൻകൂർ നോട്ടീസോ കാരണം കാണിക്കൽ നോട്ടീസോ നൽകാതെ 14 ദിവസത്തിനുള്ളിൽ രാജ്യം വിടാൻ നിർദേശിച്ചത് അന്യായമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് ക്രാന്തി മൈതാൻ ഒരു നിയന്ത്രിത പ്രദേശമല്ലെന്നും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമകൾക്ക് സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് നിയമം വിലക്കില്ലെന്നും ഹർജിയിൽ വാദിക്കുന്നു. നടി ലേഖ വാഷിങ്‌ടണിനും ബന്ധുവായ സൈൻ മരിയ ഖാനുമൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത ഇമ്രാൻ ഖാൻ പൊലീസ് ബാരിക്കേഡുകൾ ലംഘിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ജീവിതകാലം മുഴുവൻ ഇന്ത്യയിൽ താമസിച്ചിരുന്ന ഒരാളോട് ഒരു കുറ്റവും തെളിയിക്കപ്പെടാതെ ഈ രീതിയിൽ രാജ്യം വിടാൻ ആവശ്യപ്പെടുന്നത് അതിരുകടന്ന തീരുമാനമാണെന്ന് ഇമ്രാൻ ഖാൻ വാദിച്ചു.
തിങ്കളാഴ്‌ച രാവിലെയാണ് ഇമ്രാന്‍ ഖാൻ്റെ ഹർജിയുടെ പകർപ്പ് ലഭിച്ചതെന്ന് കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് കോടതിയെ അറിയിച്ചു. അതിനാൽ, ഹർജിയിൽ മറുപടി നൽകാൻ സമയം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് കണക്കിലെടുത്താണ് ഹൈക്കോടതി വാദം കേൾക്കൽ വെള്ളിയാഴ്‌ചയിലേക്ക് മാറ്റിയത്.