Image

ഫ്രാൻസിൽ പ്രക്ഷോഭം പടരുന്നു ; 1,800ലേറെ പേർ അറസ്‌റ്റിൽ, പരിഹാസവുമായി ട്രംപ്

Published on 18 October, 2026
 ഫ്രാൻസിൽ പ്രക്ഷോഭം പടരുന്നു ; 1,800ലേറെ  പേർ അറസ്‌റ്റിൽ, പരിഹാസവുമായി ട്രംപ്

പാരിസ്: പണപ്പെരുപ്പവും ജീവിതച്ചെലവ് വർധനക്കുമെതിരെ ഫ്രാൻസിൽ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്ത് പലയിടത്തും പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്‌തമായി. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് 1,800 ലധികം പേരെ രാജ്യത്ത് അറസ്‌റ്റ് ചെയ്‌തതായാണ് റിപ്പോർട്ട്.

മുഖം മൂടി ധരിച്ച സംഘങ്ങൾ നഗരങ്ങളിലെ കെട്ടിടങ്ങൾക്ക് തീയിട്ടതായി അധികൃതർ വ്യക്തമാക്കുന്നു. രാജ്യ വ്യാപക പ്രതിഷേധത്തെ തുടർന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേരും. തുടർന്ന് രാത്രി എട്ട് മണിക്ക് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

പ്രതിഷേധിക്കുക എന്നത് ഒരു മൗലികാവകാശമാണ്. എന്നാൽ ആക്രമവും കൊള്ളയടിക്കലും നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി ലോറൻ്റ് ന്യൂനെസ് സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു.

നൂറ്റാണ്ടുകൾ പഴക്കമുള്ള ലിമോഗ്‌സ് ടൗൺ ഹാളിന് തീപിടിച്ചു. 1883ൽ നിർമ്മിച്ച് പിന്നീട് പൈതൃക സ്‌മാരകമായി പ്രഖ്യാപിച്ച കെട്ടിടമായ ലിമോഗ്‌സ് ടൗൺ ഹാളാണ് കത്തി നശിച്ചത്. ഇത് ആസൂത്രിതമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

പാരിസിലെ തെരുവുകളിൽ ആക്രമം നടത്തിയ പ്രതിഷേധക്കാർക്ക് എതിരെ പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. പാരീസിൽ മാത്രം 855 പേരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇതിൽ 557 പേർ പൊലീസ് കസ്‌റ്റഡിയിലുണ്ടെന്ന് പാരിസ് പ്രോസിക്യൂട്ടർ ഓഫിസ് അറിയിച്ചു.

രാജ്യത്തുടനീളം ഏകദേശം 550,000 പേർ പ്രതിഷേധങ്ങളിൽ പങ്കെടുത്തതായി അധികൃതർ വ്യക്തമാക്കുന്നു. ഇതിൽ പാരിസിൽ മാത്രം 1,10,000 പേർ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടുണ്ട്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കൂടാതെ 500ലധികം പൊലീസുകാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഫയർഫോഴ്‌സ് ജീവനക്കാർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

ഫ്രാൻസിലെ പ്രതിഷേധത്തിന് പിന്നാലെ പരിഹാസവുമായി യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. "നമുക്ക് ഫ്രാൻസിലേക്ക് പോയാലോ?. അതൊരു മനോഹരമായ സ്ഥലമാണ്. അക്രമങ്ങളില്ല. എന്നാൽ ഫ്രാൻസ് വിപ്ലങ്ങൾക്ക് ഏറെ അനുയോജ്യമായ സ്ഥലമാണെന്ന് തോന്നുന്നു. നമുക്ക് ഫ്രാൻസിൽ പോയി വിപ്ലവത്തിൻ്റെ ഭാഗമാകാം", എന്നായിരുന്നു ട്രംപിൻ്റെ പരിഹാസം.

പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ കാലാവധി പൂർത്തിയാകാൻ ആറ് മാസം മാത്രം ബാക്കിനിൽക്കെയാണ് ഈ പ്രതിഷേധം. ഇതിനിടെ പ്രസിഡൻ്റിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി വലതുപക്ഷ നേതാവ് മറൈൻ ലെ പെൻ രംഗത്തെത്തി. തീ കൊണ്ടാണ് നിങ്ങൾ കളിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക