Image

ചൈനയുടെ വിലകുറഞ്ഞ എഐയിൽ ജാഗ്രത വേണം; ഡാറ്റാ സുരക്ഷയും സാമ്പത്തിക സ്വാതന്ത്ര്യവും അപകടത്തിലെന്ന് മുന്നറിയിപ്പ്

Published on 18 October, 2026
ചൈനയുടെ വിലകുറഞ്ഞ എഐയിൽ ജാഗ്രത വേണം; ഡാറ്റാ സുരക്ഷയും സാമ്പത്തിക സ്വാതന്ത്ര്യവും അപകടത്തിലെന്ന് മുന്നറിയിപ്പ്

 ഡീപ്‌സീക്ക് ഉൾപ്പെടെയുള്ള ചൈനീസ് കമ്പനികൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്ന എഐ സാങ്കേതികവിദ്യകൾ പാശ്ചാത്യ രാജ്യങ്ങൾക്ക് സുരക്ഷാ വെല്ലുവിളിയാകാമെന്ന് മുന്നറിയിപ്പ്. കുറഞ്ഞ ചെലവിൽ എഐ സേവനങ്ങൾ സ്വീകരിക്കുന്നത് ഡാറ്റാ സുരക്ഷയെയും ആഭ്യന്തര സാങ്കേതിക വ്യവസായത്തിന്റെ വളർച്ചയെയും ബാധിക്കാമെന്നാണ് ബ്രിട്ടീഷ് മാധ്യമമായ 'ദ ഗാർഡിയൻ' പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ വിലയിരുത്തൽ.

അമേരിക്കൻ കമ്പനികളുടെ എഐ സംവിധാനങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിൽ ചൈനീസ് കമ്പനികൾ നിരവധി എഐ മോഡലുകൾ പുറത്തിറക്കുന്നുണ്ട്. സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താവുന്ന ഓപ്പൺ മോഡലുകളും കുറഞ്ഞ ചെലവിലുള്ള സേവനങ്ങളും സ്ഥാപനങ്ങളെയും സർക്കാരുകളെയും ആകർഷിക്കുന്നു. എന്നാൽ, ഈ സൗകര്യങ്ങൾക്കൊപ്പം സുരക്ഷാ ആശങ്കകളും ഉയരുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഡീപ്‌സീക്കിന്റെ ഓൺലൈൻ ചാറ്റ്ബോട്ടിന്റെ നയപ്രകാരം ഉപയോക്താക്കൾ നൽകുന്ന നിർദേശങ്ങളും അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങളും ശേഖരിക്കുകയും വ്യക്തിഗത വിവരങ്ങൾ ചൈനയിൽ പ്രോസസ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യാം. ചൈനീസ് അധികൃതർക്ക് വിവരങ്ങൾ കൈമാറാനും നയം അനുമതി നൽകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

ഓക്സ്ഫഡ് സർവകലാശാലയിലെ എഐ പ്രൊഫസർ മൈക്കൽ വൂൾഡ്രിഡ്ജിന്റെ അഭിപ്രായവും റിപ്പോർട്ട് ഉദ്ധരിക്കുന്നു. ചാറ്റ്ബോട്ടിൽ നൽകുന്ന വിവരങ്ങൾ ചൈനീസ് ഭരണകൂടവുമായി പങ്കുവയ്ക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

വിലകുറഞ്ഞ ചൈനീസ് എഐയുടെ വ്യാപനം മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര സാങ്കേതിക വ്യവസായങ്ങളെയും ദോഷകരമായി ബാധിച്ചേക്കാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ കുറഞ്ഞ വില മറ്റു രാജ്യങ്ങളിലെ വാഹനനിർമാണ മേഖലയ്ക്ക് വെല്ലുവിളിയായതുപോലെ, എഐ രംഗത്തെ വിലക്കുറവും കൂടുതൽ വ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നാണ് വിലയിരുത്തൽ.

ചൈനീസ് സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിക്കുന്നത് രാജ്യങ്ങളുടെ ഡാറ്റാ സുരക്ഷയെ മാത്രമല്ല, നിർണായക സേവനങ്ങൾക്കും അടിസ്ഥാന സാങ്കേതിക സംവിധാനങ്ങൾക്കും വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം സൃഷ്ടിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ചൈനയുടെ സൈനികശേഷി വർധിക്കുന്നതും തായ്‌വാനിലെ അർധചാലക വ്യവസായത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനവും റിപ്പോർട്ട് പരാമർശിക്കുന്നു. റഷ്യ എഐ ഉപയോഗിച്ച് സൈബർ ആക്രമണങ്ങൾ ശക്തിപ്പെടുത്തുമ്പോൾ, ചൈന സ്വന്തം സാങ്കേതികവിദ്യകളുടെ ആഗോള ഉപഭോക്തൃവലയം വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

ചൈനീസ് എഐയെ പൂർണമായി ആശ്രയിക്കുന്നതിന് പകരം അമേരിക്കൻ എഐ സംവിധാനങ്ങൾക്ക് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും യൂറോപ്യൻ, ആഭ്യന്തര സാങ്കേതികവിദ്യകൾക്ക് പിന്തുണ നൽകുകയും ചെയ്യണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക