
വാഷിങ്ടൺ: നവംബർ മൂന്നിന് നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വിജയിച്ചാൽ തന്റെ ഭരണകൂടത്തിന്റെ സാമ്പത്തിക, കുടിയേറ്റ, ദേശീയ സുരക്ഷാ നയങ്ങൾ അട്ടിമറിക്കപ്പെടുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിക്ക് കോൺഗ്രസിൽ ഭൂരിപക്ഷം നിലനിർത്തേണ്ടത് രാജ്യത്തിന്റെ ഭാവിക്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച കെന്റക്കിയിലെ നോർതേൺ കെന്റക്കി സർവകലാശാലയിലെ ട്രൂയിസ്റ്റ് അരീനയിൽ നടന്ന റിപ്പബ്ലിക്കൻ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. തന്റെ ഭരണകാലത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയ അദ്ദേഹം, ഇടക്കാല തിരഞ്ഞെടുപ്പ് തന്റെ ഭരണത്തിന്റെ വിലയിരുത്തലായി കാണണമെന്ന് വോട്ടർമാരോട് ആവശ്യപ്പെട്ടു.
അമേരിക്ക സാമ്പത്തിക വളർച്ചയുടെ പുതിയ ഘട്ടത്തിലാണെന്നും ഡെമോക്രാറ്റുകൾ അധികാരത്തിലെത്തിയാൽ ഈ നേട്ടങ്ങൾ നഷ്ടപ്പെടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. വരുമാനം റെക്കോർഡ് നിലയിലെത്തിയെന്നും തൊഴിൽ ലഭ്യത ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണെന്നും ദാരിദ്ര്യം കുറഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓഹരി വിപണി തന്റെ തിരഞ്ഞെടുപ്പിനുശേഷം 88 തവണ റെക്കോർഡ് ഉയരത്തിലെത്തിയെന്നും ട്രംപ് പറഞ്ഞു.
ഇറക്കുമതി തീരുവകളും സാമ്പത്തിക നയങ്ങളും വഴി 21 ട്രില്യൺ ഡോളറിലേറെ നിക്ഷേപ വാഗ്ദാനങ്ങൾ ആകർഷിച്ചതായി ട്രംപ് അവകാശപ്പെട്ടു. കെന്റക്കിയിലെ ഫോർഡിന്റെ രണ്ട് ബില്യൺ ഡോളറിന്റെ പദ്ധതിയും ജിഇ അപ്ലയൻസസിന്റെ ഒരു ബില്യൺ ഡോളറിന്റെ വികസന പദ്ധതിയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവയിലൂടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
കെന്റക്കിയിലെ വിൻചെസ്റ്ററിലുള്ള മരുന്ന് നിർമാണ കേന്ദ്രത്തിന്റെ പുനരുജ്ജീവനത്തിനായി പ്രതിരോധ വകുപ്പിലൂടെ 100 മില്യൺ ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതിയും ട്രംപ് പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ വിജയം ഈ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധിസഭയിലും സെനറ്റിലും ഭൂരിപക്ഷം നിലനിർത്തിയാൽ ഓരോ മുതിർന്ന അമേരിക്കൻ പൗരനും 5,000 ഡോളർ വീതം നൽകുന്ന പദ്ധതിക്ക് ശ്രമിക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു. പദ്ധതിക്ക് ഏകദേശം ഒരു ട്രില്യൺ ഡോളർ ചെലവാകുമെന്നാണ് കണക്കുകൂട്ടൽ. ലഭിക്കുന്ന പണം അമേരിക്കയ്ക്കുള്ളിൽ ചെലവഴിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യാപാര നയങ്ങളെ ന്യായീകരിച്ച ട്രംപ്, മെക്സിക്കോയും കാനഡയുമായുള്ള വ്യാപാരബന്ധങ്ങളെക്കുറിച്ചും പരാമർശിച്ചു. അതിർത്തി മതിലിന്റെ ചെലവ് മെക്സിക്കോയുടെ മേൽ ചുമത്താൻ തീരുവകളും മറ്റ് ചാർജുകളും സഹായിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. കാനഡയുമായുള്ള വ്യാപാരത്തിൽ അമേരിക്കയ്ക്ക് പ്രതിവർഷം 90 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ സുരക്ഷാ വിഷയത്തിൽ, ഇറാന്റെ ആണവശേഷി അമേരിക്കൻ സൈനിക നടപടികളിലൂടെ തകർത്തതായി ട്രംപ് അവകാശപ്പെട്ടു. ഇറാനെ ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്നും സൈനികശേഷിയും ആഭ്യന്തര പ്രതിരോധ ഉൽപ്പാദനവും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ തെക്കൻ അതിർത്തി ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ നിലയിലാണെന്ന് അവകാശപ്പെട്ട ട്രംപ്, അനധികൃത കുടിയേറ്റം തടയുന്നതിനും കുടിയേറ്റക്കാർക്ക് സംരക്ഷണം നൽകുന്ന 'സാങ്ച്വറി സിറ്റി' നയങ്ങൾ അവസാനിപ്പിക്കുന്നതിനും കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞു. വോട്ടർ തിരിച്ചറിയൽ രേഖയും പൗരത്വ തെളിവും നിർബന്ധമാക്കുക, ഗുരുതര കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കടുപ്പിക്കുക, നികുതിയിളവുകൾ സ്ഥിരമാക്കുക തുടങ്ങിയ വാഗ്ദാനങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.
ഡെമോക്രാറ്റുകളുടെ കുടിയേറ്റ, നികുതി, നിയമപാലന നയങ്ങളെ രൂക്ഷമായി വിമർശിച്ച ട്രംപ്, കെന്റക്കിയിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥികളായ ആൻഡി ബാറിനും എഡ് ഗാലറിനും വേണ്ടി വോട്ട് തേടി.
നവംബർ മൂന്നിലെ ഇടക്കാല തിരഞ്ഞെടുപ്പ് ജനപ്രതിനിധിസഭയിലെ മുഴുവൻ സീറ്റുകളുടെയും സെനറ്റിലെ ഒരു വിഭാഗം സീറ്റുകളുടെയും നിയന്ത്രണം നിർണയിക്കും. കോൺഗ്രസിലെ ഭൂരിപക്ഷമാണ് നിയമനിർമാണം, ഫെഡറൽ ചെലവുകൾ, പ്രസിഡന്റിന്റെ നയങ്ങൾ നടപ്പാക്കൽ എന്നിവയിൽ നിർണായകമാകുന്നത്.