
കേരള കോൺഗ്രസ് (സ്കറിയ) നേതാവ് കോരാണി സനിലിന്റെ (65) മരണം മർദനത്തെ തുടർന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയതോടെ മകൻ ബാലഗോപാലിനെ (34) ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ സനിൽ ഒരാഴ്ചയിലേറെയായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്.
സനിലും മകൻ ബാലഗോപാലും ആറ്റിങ്ങൽ പാലസ് റോഡിലെ ശ്രീലക്ഷ്മി എന്ന വീട്ടിൽ വാടകയ്ക്കായിരുന്നു താമസം. ഒരാഴ്ച മുൻപ് സനിലിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ജോലിക്കാരി വിവരം സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളാണ് സനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താമസസ്ഥലത്ത് വീണ് പരുക്കേറ്റെന്നായിരുന്നു അന്ന് ആശുപത്രിയിൽ നൽകിയ വിവരം.
എന്നാൽ മരണത്തിൽ സംശയം തോന്നിയ സനിൽ അംഗമായിരുന്ന ഹോട്ടൽ അസോസിയേഷൻ പ്രവർത്തകർ പൊലീസിനെ സമീപിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ജോലിക്കാരിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തു. സനിലിന്റെ മരണം അറിഞ്ഞ് ആശുപത്രിയിലെത്തിയ പൊലീസ് മകൻ ബാലഗോപാലിനെ കസ്റ്റഡിയിലെടുക്കുകയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സനിലിന്റെ തലയുടെ വലതുഭാഗത്ത് ഗുരുതരമായി പരുക്കേറ്റിരുന്നു. അഞ്ച് വാരിയെല്ലുകൾ ഒടിഞ്ഞതായും കഴുത്തിന് പരുക്കേറ്റതായും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.