Image

മോർച്ചറിയിൽ മദ്യപാനം: വീഡിയോ വൈറലായതോടെ ഡോക്ടർക്ക് സസ്പെൻഷൻ

Published on 18 October, 2026
മോർച്ചറിയിൽ മദ്യപാനം: വീഡിയോ വൈറലായതോടെ ഡോക്ടർക്ക്  സസ്പെൻഷൻ

മഹാരാഷ്ട്രയിൽ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ മദ്യപാന പാർട്ടി നടത്തിയ ഡോക്ടറെ സസ്പെൻഡ് ചെയ്തു. പിംപ്രി-ചിഞ്ച്വാഡിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷൻ ഉത്തരവിട്ടു.

വൈഭവ് അവിനാഷ് മസ്‌കെ എന്ന ഡോക്ടർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ വെള്ളിയാഴ്ച അടിയന്തരമായി സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിക്കിടെ പോസ്റ്റ്മോർട്ടം മുറിയിൽ ഡോക്ടർ മദ്യപിച്ചതായാണ് റിപ്പോർട്ട്.

മരണ സർട്ടിഫിക്കറ്റ് വാങ്ങാനായി രാത്രി മുഴുവൻ ആശുപത്രിക്ക് പുറത്ത് കാത്തുനിന്ന വ്യക്തിയാണ് സംഭവം പുറത്തറിയിച്ചത്. ഏറെ നേരം കാത്തിരുന്നിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് പോസ്റ്റ്മോർട്ടം മുറിക്കുള്ളിലേക്ക് നോക്കിയപ്പോഴാണ് ഡോക്ടർ മദ്യലഹരിയിലാണെന്ന് ഇദ്ദേഹം കണ്ടത്. പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. മുറിക്കുള്ളിലെ മേശയിൽ ഭക്ഷണസാധനങ്ങളും മദ്യക്കുപ്പിയും വെച്ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാമായിരുന്നു.

ഡോക്ടർക്കും ബന്ധപ്പെട്ട ജീവനക്കാർക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി. എന്നാൽ ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുനിസിപ്പൽ കമ്മിഷണർ വിജയ് സൂര്യവംശി ഡോക്ടറെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക