
ആലപ്പുഴ: സംസ്ഥാത്തെ ബേക്കറികൾ വഴി വീര്യം കുറഞ്ഞ മദ്യമായ ഹോർട്ടി വൈൻ വിൽപ്പന നടത്താൻ അനുമതി നൽകിയ സംഭവത്തിൽ എക്സൈസ് കമ്മിഷണറോട് വിശദമായ റിപ്പോർട്ട് തേടിയതായി എക്സൈസ് മന്ത്രി എം. ലിജു അറിയിച്ചു. നിലവിലുള്ള ചട്ടപ്രകാരം സാങ്കേതികമായി തെറ്റില്ലെങ്കിലും മന്ത്രിയുടെയോ സർക്കാരിന്റെയോ ശ്രദ്ധയിൽപ്പെടുത്താതെ ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുത്തത് ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി പറഞ്ഞു.
ചാലക്കുടി ആസ്ഥാനമായുള്ള ഒരു സ്ഥാപനമാണ് വിദേശമദ്യ ചട്ടങ്ങളിലെ ഭേദഗതി പ്രകാരം ബേക്കറികൾ വഴി വൈൻ വിൽപ്പന നടത്തുന്നതിന് അനുമതി നേടിയത്. 2024-ൽ മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ലൈസൻസുള്ള ബേക്കറികൾക്കും സൂപ്പർമാർക്കറ്റുകൾക്കും വൈൻ വിൽക്കാൻ അനുമതി നൽകി ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. ഈ ഭേദഗതിയുടെ അടിസ്ഥാനത്തിൽ ജൂണിൽ ലൈസൻസ് ഫീസ് ഈടാക്കി എക്സൈസ് കമ്മിഷണർ ഉത്തരവിറക്കുകയായിരുന്നു.
സൂപ്പർമാർക്കറ്റുകളിലൂടെയും ബേക്കറികളിലൂടെയും ഇത്തരം ഉത്പന്നങ്ങൾ ലഭ്യമാക്കുന്നത് സാമൂഹികമായി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സർക്കാരിന് ആശങ്കയുണ്ടെന്നും വിഷയം ഗൗരവമായി പരിശോധിക്കുമെന്നും എം. ലിജു വ്യക്തമാക്കി.