Image

നവംബർ ഒന്നിന് രാംലീലാ മൈതാനത്ത് കോൺ​ഗ്രസ് റാലി; വൻ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാക്കൾ

Published on 18 October, 2026
 നവംബർ ഒന്നിന്  രാംലീലാ മൈതാനത്ത് കോൺ​ഗ്രസ് റാലി; വൻ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാക്കൾ

ന്യൂഡൽഹി: എസ്ഐആർ പരിഷ്കരണത്തിനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഇന്ത്യ സഖ്യം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബർ ഒന്നിന് ഡൽഹി രാംലീലാ മൈതാനത്ത് റാലി നടത്താൻ കോൺഗ്രസിന് അനുമതി. ഡൽഹി പൊലീസാണ് പ്രതിഷേധം നടത്താൻ രാംലീല മൈതാനം അനുവദിച്ചത്.

 ജന്തർ മന്തറിൽ പ്രക്ഷോഭങ്ങൾ നിരോധിച്ചതിനു പകരമായി കേന്ദ്രം അനുവദിച്ച സമര കേന്ദ്രങ്ങളിലൊന്നാണ് രാംലീലാ മൈതാനം.

ഡൽഹി മുൻസിപ്പൽ കോർപറേഷനിൽ നിന്ന് അന്നേദിവസം മൈതാനത്ത് മറ്റുപരിപാടികൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കോൺഗ്രസ് അനുമതിക്കായി പൊലീസിനെ സമീപിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. 

ഒക്ടോബർ 25 മുതൽ നവംബർ മൂന്ന് വരെ രാംലീല മൈതാനം ലഭ്യമാണെന്ന് എംസിഡി അറിയിച്ചതിനെ തുടർന്ന്, സുരക്ഷാ മുൻകരുതലുകൾ വിലയിരുത്തിയാണ് ഡൽഹി പൊലീസ് എൻഒസി അനുവദിച്ചത്. റാലി തടസമില്ലാതെ നടത്തുന്നതിനും ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കുന്നതിനുമായി സംഘാടകരുമായും ട്രാഫിക് പൊലീസുമായും ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

നവംബർ 1-ന് 'ഇന്ത്യ' മുന്നണി നടത്തുന്ന പ്രതിഷേധ മാർച്ചിൽ വൻ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് ഞായറാഴ്ച കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

എസ്.ഐ.ആർ. നടപടികളിലെ ഗുരുതരമായ വീഴ്ചകൾ പ്രതിപക്ഷം ചൂണ്ടിക്കാണിക്കുകയും, ഈ നടപടി ഒഴിവാക്കണമെന്നടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടും സർക്കാരിന്റെ 'അഹങ്കാരവും പിടിവാശിയും' കാരണം ജനങ്ങളുടെ ഇടയിൽ രോഷം വർദ്ധിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് ഹുസൈൻ ദൽവായ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക