
ക്യാൻസർ രോഗികൾക്ക് ആശ്വാസമായി നിർണായക തീരുമാനം. രാജ്യത്ത് 137 അർബുദ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാൻ എൻപിപിഎ തീരുമാനിച്ചു. മരുന്നുകളുടെ ട്രേഡ് മാർജിൻ 30 ശതമാനമായി പരിമിതപ്പെടുത്തിയ പുതിയ തീരുമാനം നവംബർ ഒമ്പത് മുതൽ പ്രാബല്യത്തിൽ വരും.
അമിതമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ പദ്ധതിയെന്ന് സർക്കാർ വ്യക്തമാക്കി. പുതുക്കിയ വിലയിൽ തന്നെ മരുന്നുകൾ വിൽക്കണമെന്നും പരിഷ്കരിച്ച വിലവിവര പട്ടിക ആശുപത്രികൾ, മെഡിക്കൽ സ്ഥാപനങ്ങൾ, റീട്ടെയിൽ ഫാർമസികൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
മരുന്നുകളുടെ വിതരണം തടസ്സമില്ലാതെ തുടരുന്നതിനായി ഉൽപ്പാദനവും വിതരണവും നിലവിലെ രീതിയിൽ തന്നെ മുന്നോട്ടുകൊണ്ടുപോകാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.