
തിരുവനന്തപുരം: കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിലായി. സ്പാ ജീവനക്കാരായ ആലപ്പുഴ സ്വദേശി സജിത്, പൂവാർ സ്വദേശി നിഷാന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പതിനാറുകാരിയെ ബന്ധുക്കൾ തന്നെയാണ് പണം വാങ്ങി കോവളത്തെ സ്പായിലേക്ക് വിറ്റതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടി മാതൃസഹോദരിയുടെയും ഭർത്താവിന്റെയും സംരക്ഷണത്തിലാണ് കഴിഞ്ഞുവന്നിരുന്നത്. തുടർന്ന് ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ കുട്ടിയെ ഇവർ കോവളത്തെത്തിച്ച് സ്പായിലേക്ക് കൈമാറുകയായിരുന്നു. പെൺകുട്ടിയെ വിൽപ്പന നടത്തിയ ശേഷം ബന്ധുക്കൾ ആന്ധ്രയിലേക്ക് മടങ്ങിപ്പോയതായാണ് വിവരം. നിയമനടപടികളിൽ നിന്നും രക്ഷപ്പെടുന്നതിനായി പെൺകുട്ടിക്ക് 20 വയസ്സ് പ്രായമുണ്ടെന്ന് കാണിക്കുന്ന വ്യാജ ആധാർ കാർഡും സംഘം തയാറാക്കി നൽകിയിരുന്നു.
തുടർന്ന് വിവിധ സ്പാ കേന്ദ്രങ്ങളിൽ മാറിമാറി ജോലിക്കായി നിർബന്ധിതയായ പെൺകുട്ടി, ഇതിനിടെ ഒരു സ്പായിലെ യുവാവുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരും ചേർന്ന് അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് മാസങ്ങളായി നടന്ന ക്രൂരമായ ചൂഷണത്തിന്റെ വിവരം പുറത്തറിയുന്നത്. പെൺകുട്ടിയെ ചൂഷണത്തിന് വിട്ടുനൽകിയ ബന്ധുക്കളെ കണ്ടെത്താനും, സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റ് ഇടനിലക്കാരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.