Image

ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കാനുള്ള വിവാദ ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം; ഉത്തരവിറക്കിയവർക്കെതിരെ നടപടിക്ക് സാധ്യത

Published on 18 October, 2026
ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കാനുള്ള വിവാദ ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം; ഉത്തരവിറക്കിയവർക്കെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിക്കൊണ്ട് പുറത്തിറക്കിയ വിവാദ ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. സർക്കാരിന്റെയോ ബന്ധപ്പെട്ട മന്ത്രിയുടെയോ അനുമതിയില്ലാതെ ഉദ്യോഗസ്ഥതലത്തിൽ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയതിലാണ് മുഖ്യമന്ത്രിയുടെയും എക്സൈസ് വകുപ്പിന്റെയും ഇടപെടൽ. തീരുമാനത്തിൽ എക്സൈസ് മന്ത്രി എം. ലിജു നേരത്തെ അതൃപ്തി പ്രകടിപ്പിക്കുകയും എക്സൈസ് കമ്മീഷണറോട് അടിയന്തരമായി വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. ബേക്കറി വഴിയുള്ള വൈൻ വിൽപന സംബന്ധിച്ച് മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് വ്യക്തമാക്കിയ മന്ത്രിയുടെ നിലപാടിന് പിന്നാലെ, ഉത്തരവിറക്കാൻ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.

​എന്നാൽ, നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് നടപടിയെന്നാണ് വിഷയത്തിൽ എക്‌സൈസ് കമ്മീഷണറേറ്റിന്റെ വിശദീകരണം. മുൻ സർക്കാരിന്റെ കാലത്ത് സമർപ്പിക്കപ്പെട്ട അപേക്ഷയിലാണ് ഇപ്പോൾ വിൽപനയ്ക്കുള്ള ഉത്തരവിറക്കിയതെന്നും കഴിഞ്ഞ ജൂണിലാണ് ഹോർട്ടി വൈൻ വിൽപനയ്ക്കുള്ള ലൈസൻസ് അനുവദിച്ചതെന്നും അധികൃതർ വ്യക്തമാക്കുന്നു. പ്രതിവർഷം പതിനായിരം രൂപ ഫീസ് അടച്ച് സ്ഥാപനങ്ങൾക്ക് ലൈസൻസ് നേടാമെന്നും വിൽപനയിലൂടെ 20 ശതമാനം കമ്മീഷൻ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുമെന്നുമായിരുന്നു ഉത്തരവിലെ പ്രധാന വ്യവസ്ഥ.

​നിലവിൽ ഹോർട്ടി വൈനിന് 86 ശതമാനം നികുതി ഘടനയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഈ നികുതിനിരക്ക് വളരെ കൂടുതലാണെന്നും ഇതിൽ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംരംഭകർ സർക്കാരിനെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് ബേക്കറികൾ പോലുള്ള സാധാരണ വ്യാപാര സ്ഥാപനങ്ങൾ വഴി മദ്യത്തിന്റെ ഗണത്തിൽപ്പെടുന്ന വൈൻ വിൽപനയ്ക്ക് അനുമതി നൽകിയത്. സാധാരണ ഇടങ്ങളിൽ വൈൻ ലഭ്യമാക്കുന്നത് വൻ സാമൂഹിക പ്രത്യാഘാതങ്ങൾക്കും പൊതുജന പ്രതിഷേധങ്ങൾക്കും വഴിവെക്കുമെന്ന രൂക്ഷമായ ആശങ്ക ഉയർന്നതോടെയാണ് സർക്കാർ അടിയന്തരമായി ഇടപെട്ട് ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക