Image

വെനീസിൽ തിളങ്ങി മലയാളി ഗവേഷക ഏയ്ഞ്ചൽ എലിസബത്ത് സെബാസ്റ്റ്യൻ

Published on 17 October, 2026
 വെനീസിൽ തിളങ്ങി മലയാളി ഗവേഷക ഏയ്ഞ്ചൽ എലിസബത്ത് സെബാസ്റ്റ്യൻ

 


വെനീസ്: ഇറ്റലിയിലെ വെനീസ് ഇയുആവ് സർവകലാശാലയിൽ (Università Iuav di Venezia) നടന്ന മൂന്നാമത് വേൾഡ് കൊളോക്വിയം ഓൺ എക്സിസ്റ്റൻഷ്യൽ പോസ്റ്റ്ഹ്യൂമനിസത്തിൽ ചെന്നൈ സ്റ്റെല്ല മേരീസ് കോളജ് (ഓട്ടോണമസ്) ഇംഗ്ലീഷ് വിഭാഗത്തിലെ ഗവേഷകയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ ഏയ്ഞ്ചൽ എലിസബത്ത് സെബാസ്റ്റ്യൻ  അവതരിപ്പിച്ച പ്രബന്ധത്തിന് ലോക സ്വീകാര്യത.

ഒക്ടോബർ  16 ന് സമാപിച്ച കൊളോക്വിയത്തിന്റെ പ്രമേയം സഹവർത്തിത്വത്തെ (രൂപപ്പെടുത്തുകയും വിവരിക്കുകയും ചെയ്യുക): അസ്തിത്വാനന്തരമനുഷ്യവാദം, അസ്തിത്വശാസ്ത്രപരമായ രൂപകൽപ്പനയും പുനഃരൂപീകരണവും എന്നതായിരുന്നു.

സാമൂഹിക, പാരിസ്ഥിതിക, സാങ്കേതിക പ്രതിസന്ധികൾ നേരിടുന്ന ഇന്നത്തെ ലോകത്ത്, മനുഷ്യന്റെ മാത്രം അവസ്ഥയായല്ല, പ്രകൃതിയും ഇതരജീവജാലങ്ങളും ഉൾപ്പെടുന്ന പരസ്പരബന്ധമായി അസ്തിത്വത്തെ പുനർവിചിന്തനം ചെയ്ത കൊളോക്വിയത്തിൽ എയ്ഞ്ചിന്റെ പങ്കുവെക്കൽ ഏറെ പ്രശംസ നേടി .

മേൽക്കോയ്മയിലും ചൂഷണത്തിലും അധിഷ്ഠിതമായ ബന്ധങ്ങൾക്കു പകരം പരസ്പരാശ്രയത്തിലും കരുതലിലും ഊന്നിയ സഹവർത്തിത്വം എങ്ങനെ സാധ്യമാക്കാമെന്ന് ചർച്ച ചെയ്തു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഡോ. ഫ്രാൻചെസ്ക ഫെറാൻഡോ ഉൾപ്പെടെയുള്ളവരായിരുന്നു മുഖ്യപ്രഭാഷകർ.


വിവിധ രാജ്യങ്ങളിൽനിന്നുള്ള ഗവേഷകർ പങ്കെടുത്ത കൊളോക്വിയത്തിൽ പ്രബന്ധം അവതരിപ്പിച്ച രണ്ട് ഇന്ത്യക്കാരിൽ ഏക മലയാളിയാണ് ഏയ്ഞ്ചൽ. പന്ത്രണ്ടാം നൂറ്റാണ്ടിലെ ജർമൻ ബെനഡിക്ടൈൻ സന്യാസിനിയും മിസ്റ്റിക്കുമായ ഹിൽഡഗാർഡ് ഓഫ് ബിൻഗൻ പ്രകൃതിയിലെ ജീവദായകമായ ഹരിതശക്തിയെ (viriditas) കുറിച്ച് പങ്കുവച്ച ദർശനം ഇന്നത്തെ പാരിസ്ഥിതിക പ്രതിസന്ധിയിൽ ഭൂമിയിലെ സഹവർത്തിത്വത്തിനുള്ള മാതൃകയാകുന്നതെങ്ങനെയെന്ന് അന്വേഷിക്കുന്ന വിരിഡിറ്റാസും ഭൂമിയിലെ സഹവർത്തിത്വവും: അസ്തിത്വാനന്തര മനുഷ്യവാദത്തിന്റെ മാതൃകയായി ഹിൽഡെഗാർഡ് ഓഫ് ബിൻഗന്റെ മിസ്റ്റിക്കൽ പരിസ്ഥിതിദർശനം എന്ന പ്രബന്ധമാണ് എയ്ഞ്ചൽ അവതരിപ്പിച്ചത്. ഗവേഷണ മാർഗദർശി ഡോ. മിരുണ ജോർജുമായി ചേർന്നാണ് പ്രബന്ധം തയാറാക്കിയത്.

വത്തിക്കാനിൽ വെച്ച് കത്തോലിക്കാ സഭയുടെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്ട് കാർഡിനൽ മാർ ജോർജ് ജേക്കബ് കൂവക്കാടുമായി ഇരുവരും കൂടിക്കാഴ്ചയും നടത്തി.

മിസ്റ്റിക് കവിതയും ഫിലോസഫിക്കൽ പോസ്റ്റ്ഹ്യൂമനിസവും തമ്മിലുള്ള സംവാദമാണ് ഏയ്ഞ്ചലിന്റെ ഗവേഷണമേഖല.

കേരളത്തിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് വള്ളിയാംതടത്തിൽ കുടുംബാംഗമായ ഏയ്ഞ്ചൽ അധ്യാപനരംഗത്തും പ്രവർത്തിക്കുന്നു. ചെന്നൈയിൽ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനായ ചിറ്റടി ജീരകത്തിൽ ജാക്ക് ഭർത്താവ്, മകൻ ആൻഡ്രൂ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക