Image

അഭിജീത് ദിപ്‌കെയ്ക്ക് ഉപാധികളോടെ ജാമ്യം

Published on 17 October, 2026
അഭിജീത് ദിപ്‌കെയ്ക്ക് ഉപാധികളോടെ ജാമ്യം

ന്യൂഡൽഹി: 'കോക്രോച്ച് ജനതാ പാർട്ടി'  സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കൂടാതെ, സമാധാന ഉടമ്പടിയിൽ  ഒപ്പുവെക്കാനും അദ്ദേഹത്തോട് നിർദ്ദേശിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്‌ച കൊണാട്ട് പ്ലേസിൽ സിജെപി സംഘടിപ്പിച്ച "ലെഹ്‌രാ ദോ തിരംഗ"   പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനായി ഡൽഹിയിലെ ഝണ്ഡേവാലൻ പ്രദേശത്തുള്ള വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ ദിപ്‌കെയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഒക്ടോബർ 10ന് അദ്ദേഹം നൽകിയ സമാധാന ഉടമ്പടി ലംഘിച്ചെന്നാരോപിച്ച് ശനിയാഴ്‌ച രാവിലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തു. "സമാധാന ഉടമ്പടിയിൽ നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വിട്ടയച്ചത്. കൂടുതൽ വിവരങ്ങൾക്കായി രേഖാമൂലമുള്ള ഉത്തരവ് ലഭിക്കാൻ കാത്തിരിക്കുകയാണ്" ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

അതേസമയം അഭിജീത് ദിപ്കെ പ്രതിനിധീകരിക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'യുടെ ലീഗൽ അഫയേഴ്‌സ് ഹെഡ് രത്ന സിങ് അഭിജീതിനെ അറസ്റ്റ് ചെയ്‌തതിന് പിന്നിലെ നിയമസാധുതയെ ചോദ്യം ചെയ്‌തു. നിയമപരമായ നടപടിക്രമങ്ങളും മൗലികാവകാശങ്ങളും ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച അവർ, അഭിജീത് ദിപ്കെയെ വിട്ടയക്കണമെന്ന് സ്പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ്  കോടതിയോട് അഭ്യർഥിച്ചു.

ദേശീയ പതാക ഉയർത്താൻ ജനങ്ങളോട് ആവശ്യപ്പെടുക മാത്രമാണ് ദിപ്കെ ചെയ്‌തതെന്നും ഈ പ്രവൃത്തി എങ്ങനെ കുറ്റകരമാകുമെന്നും രത്ന സിങ് എക്‌സിൽ ചോദിച്ചു. "അഭിജീത് ദിപ്കെയുടെ അറസ്റ്റ് നിയമവിരുദ്ധമാണ്, അതിനാൽ സ്പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ വിട്ടയക്കണം. അദ്ദേഹം ജനങ്ങളോട് 'തിരംഗ' (ദേശീയ പതാക) ഉയർത്താൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്‌തത് - ഇത് എങ്ങനെ ഒരു കുറ്റകൃത്യമാകും?" അവർ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക