Image

‘വിദ്യാർഥികൾ വാങ്ങുന്ന അടിയ്‌ക്കെതിരെ ഓരോ വീടും ജന്തർ മന്തറാകണം’; തെരുവിൽ പോരാടുന്ന യുവതയ്ക്ക് ഐക്യദാർഢ്യവുമായി നടി റിമ കല്ലിങ്കൽ

Published on 17 October, 2026
‘വിദ്യാർഥികൾ വാങ്ങുന്ന അടിയ്‌ക്കെതിരെ ഓരോ വീടും ജന്തർ മന്തറാകണം’; തെരുവിൽ പോരാടുന്ന യുവതയ്ക്ക് ഐക്യദാർഢ്യവുമായി നടി റിമ കല്ലിങ്കൽ

​കൊച്ചി: നമ്മുടെയെല്ലാം നല്ല നാളേക്കുവേണ്ടി തെരുവിൽ പൊരുതുന്ന വിദ്യാർഥികൾ വാങ്ങിക്കൂട്ടുന്ന അടിക്കും ക്രൂരമായ മർദനങ്ങൾക്കുമെതിരെ ഓരോ വീടും ജന്തർ മന്തറായി മാറണമെന്ന് നടി റിമ കല്ലിങ്കൽ. ഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച സദസ്സിൽ സംസാരിക്കുകയായിരുന്നു അവർ. കഴിഞ്ഞ പത്തുപതിനഞ്ചു വർഷമായി നമ്മൾ ജീവനില്ലാതെ ചത്തുകിടക്കുകയായിരുന്നെന്നും, അവകാശങ്ങൾക്കായി വിദ്യാർഥികൾ പോരാട്ടത്തിനിറങ്ങിയപ്പോഴാണ് ജനങ്ങൾക്ക് ശബ്ദമുയർത്താനുള്ള ഊർജം തിരികെ ലഭിച്ചതെന്നും റിമ പറഞ്ഞു.

​നേഹ ബോറയെപ്പോലുള്ള വിദ്യാർഥി നേതാക്കൾ സംസാരിക്കുന്നത് കേൾക്കുമ്പോൾ രോമാഞ്ചമുണ്ടാകുന്നുണ്ടെന്നും ആ പോരാട്ടവീര്യം സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയണമെന്നും അവർ വ്യക്തമാക്കി. സ്വന്തം ഭാവിക്കും വരുംതലമുറയ്ക്കും വേണ്ടി തെരുവിൽ ചോരചിന്തുന്ന വിദ്യാർഥികളോടും വിദ്യാർഥി പ്രസ്ഥാനങ്ങളോടും നന്ദി പറയേണ്ടതുണ്ട്. ചത്തതുപോലെ ജീവിക്കുന്ന അവസ്ഥയിൽനിന്ന് ഉണർന്ന്, ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാനും അവകാശങ്ങൾ പിടിച്ചുവാങ്ങാനും നമുക്ക് നട്ടെല്ലുണ്ടെന്ന് ഓർമിപ്പിച്ചത് ഇവിടുത്തെ വിദ്യാർഥി സമൂഹമാണെന്നും അവർ കൂട്ടിച്ചേർത്തു.

​ഇനിയും പ്രതീക്ഷയുണ്ടെന്നും മുന്നോട്ട് ഒരുമിച്ച് പോരാടാമെന്നും ഓർമിപ്പിച്ച വിദ്യാർഥികൾക്കൊപ്പം ജനങ്ങൾ എഴുന്നേറ്റുനിൽക്കണമെന്നും റിമ കല്ലിങ്കൽ ആഹ്വാനം ചെയ്തു. അവകാശങ്ങൾക്കായി തെരുവിൽ മർദനം ഏൽക്കുന്ന ഓരോ കുട്ടിക്കും വേണ്ടിയുള്ള പിന്തുണ നാട്ടിൻപുറങ്ങളിലെ ഓരോ വീടുകളിലേക്കും പടരണമെന്നും അവർ ഓർമിപ്പിച്ചു. സാംസ്കാരിക-യുവജന രംഗത്തെ നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ വിദ്യാർഥി പ്രക്ഷോഭത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക