
വൈറ്റ് ഹൗസിലെ പുതിയ പ്രസ് സെക്രട്ടറി കെയ്റ്റി സഖറിയയെ അഞ്ചു ദിവസമായപ്പോൾ പ്രസിഡന്റ് ട്രംപ് രാജി വയ്ക്കാൻ ‘പ്രേരിപ്പിച്ചതായി’ റിപ്പോർട്ട്. വലതുപക്ഷ നിരീക്ഷക പുതിയ വേഷത്തിൽ വൻ പരാജയമായതിനു മാധ്യമ പ്രവർത്തകരെ പഴി ചാരിയ ട്രംപ് അവരോടു രാജി വയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് പക്ഷെ പറയുന്നത്.
"വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തു തുടരണോ എന്ന് ഒന്നുകൂടി ആലോചിക്കൂ" എന്നാണ് താൻ സഖറിയയോടു പറഞ്ഞതെന്നാണ് ട്രംപ് വെള്ളിയാഴ്ച്ച റിപ്പോർട്ടർമാരോടു പറഞ്ഞത്.
പത്രസമ്മേളനങ്ങളിൽ തീരെ ശോഭിക്കാൻ കഴിയാതെ വന്ന സഖറിയ നിയമബിരുദം എടുത്തു എന്ന അവകാശവാദം തെറ്റാണെന്നു തെളിയുക കൂടി ചെയ്തതോടെ അവരുടെ നിലനിൽപ് സംശയത്തിലായിരുന്നു.
"എന്റെ അഭിപ്രായത്തിൽ കെയ്റ്റിയെ അവർ കൈകാര്യം ചെയ്ത രീതിയിൽ മര്യാദ ഇല്ലാതെ പോയി. മാധ്യമങ്ങൾ അവരോടു മൃഗീയമായാണ് പെരുമാറിയത്," ട്രംപ് പറഞ്ഞു.
"പ്രസ് സെക്രട്ടറിയുടെ ജോലി കെയ്റ്റിക്കു വളരെ കഠിനമായിരുന്നു. കെയ്റ്റി അതെല്ലാം സഹിക്കേണ്ട കാര്യമില്ലെന്നു ഞാൻ അവരോടു പറഞ്ഞു."
ഫോക്സ് ന്യൂസ്, ന്യൂസ്മാക്സ് തുടങ്ങിയ യാഥാസ്ഥിതിക മാധ്യമങ്ങളിൽ നിരീക്ഷകയായി പ്രവർത്തിച്ചു വന്ന സഖറിയ ദീർഘകാലമായി അഭിഭാഷകയാണെന്നു അവകാശപ്പെട്ടിരുന്നു. എന്നാൽ അവർ നിയമപരീക്ഷ പാസായെന്നു തെളിവൊന്നും ഉണ്ടായിരുന്നില്ല. ഒടുവിൽ പാസായില്ലെന്ന വാസ്തവം അവർക്കു സമ്മതിക്കേണ്ടി വന്നു.
അഞ്ചു വർഷം ചൈനയിൽ അഭിഭാഷക സ്ഥാപനത്തിൽ ജോലി ചെയ്ത ചരിത്രവുമുണ്ട് സഖറിയക്ക്.
കെയ്റ്റിക്കു നല്ലൊരു ഭർത്താവും കുടുംബവും ഉണ്ടെന്നു ട്രംപ് ചൂണ്ടിക്കാട്ടി. "ഞാൻ ഇന്നലെ അവരെയെല്ലാം കണ്ടിരുന്നു. സുന്ദരൻ കുട്ടികൾ. അവർ മാധ്യമങ്ങളുടെ പീഡനം സഹിക്കേണ്ട കാര്യമില്ലെന്നു എനിക്കു തോന്നി. അതു കൊണ്ടാണ് തുടരുന്ന കാര്യം വീണ്ടും ആലോചിക്കാൻ ഞാൻ പറഞ്ഞത്. "അവർ സന്തോഷമായി ജീവിക്കണം."
സഖറിയ പുതിയൊരു ജോലി ഏറ്റെടുക്കുമെന്നു വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ചുങ് സൂചിപ്പിച്ചു.
ചൊവാഴ്ച്ച ആദ്യമായി മാധ്യമങ്ങളെ കണ്ടപ്പോൾ തന്നെ സഖറിയയ്ക്കു കാലിടറിയിരുന്നു. എഴുതി കൊണ്ടുവന്ന പ്രസ്താവന വായിച്ചു ട്രംപിനെ വാനോളം പുകഴ്ത്തിയ അവർ അഞ്ചു മിനിറ്റ് കൊണ്ട് അവസാനിപ്പിക്കയും ചെയ്തു.
ട്രംപ് 'അറ്റോണി' എന്നു വിശേഷിപ്പിച്ച സഖറിയ നിയമബിരുദം നേടിയിട്ടില്ലെന്നു വെളിപ്പെടുത്തുന്ന റിപ്പോർട്ടുകൾ അതിനു പിന്നാലെ മാധ്യമങ്ങളിൽ നിറഞ്ഞു.
പിന്നീട് മാധ്യമങ്ങൾക്കു സഖറിയ നൽകിയ അഭിമുഖങ്ങളും ചീറ്റി. മാധ്യമങ്ങളിൽ നിരന്തരമായ ആക്രമണം ഉണ്ടായപ്പോഴാണ് ഒടുവിൽ വെള്ളിയാഴ്ച്ച അവരെ മാറ്റാൻ ട്രംപ് തീരുമാനിച്ചത്.
അത്തരം തീരുമാനങ്ങൾക്കു മടിയുള്ള ട്രംപ് കുറ്റം മാധ്യമങ്ങളുടെ മേൽ വയ്ക്കുകയും ചെയ്തു.
Trump asks Zacharia to 'reconsider' press secretary role