
ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ഇരിട്ടി പടിയൂർ സ്വദേശി വി. ദേവികയുടെ (23) ചിതാഭസ്മം ജന്മനാട്ടിലെത്തിച്ച് കുടുംബത്തിന് കൈമാറി. ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിൽ അഡ്വ. സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലാണ് ചിതാഭസ്മം ബന്ധുക്കൾ ഏറ്റുവാങ്ങിയത്. ഇന്നലെ പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ചിതാഭസ്മം നോർക്ക അധികൃതരുടെ നേതൃത്വത്തിൽ ട്രെയിൻ മാർഗമാണ് കണ്ണൂരിലെത്തിച്ചത്. തുടർന്ന് പടിയൂരിലെ വീട്ടിലെത്തിച്ച് പ്രകാശനും കുടുംബത്തിനും കൈമാറുകയായിരുന്നു.
ജപ്പാനിലെ ഗിഫു പ്രവിശ്യയിലുള്ള കകമിഗാഹാരയില് സെപ്റ്റംബര് രണ്ടിനാണ് ദേവികയെ ബുള്ളറ്റ് ട്രെയിന് തട്ടി മരിച്ച നിലയില് കണ്ടെത്തിയത്. രാത്രി പത്തരയോടെയായിരുന്നു അപകടം. സംഭവ ദിവസം രാത്രി എട്ടരയോടെ ദേവിക നാട്ടിലുള്ള അമ്മയെ വീഡിയോ കോള് ചെയ്തിരുന്നു. പണം പിന്വലിക്കാന് പുറത്തുപോവുകയാണെന്നാണ് അമ്മയോട് പറഞ്ഞിരുന്നത്. പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ ദേവികയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള് മുഖ്യമന്ത്രി വി ഡി സതീശന് ഉള്പ്പെടെയുള്ളവര്ക്ക് പരാതി നല്കിയിരുന്നു. ഇതിനിടെയാണ് റെയില്വേ ട്രാക്കിന് സമീപത്തുനിന്ന് ലഭിച്ച തിരിച്ചറിയല് കാര്ഡിന്റെ അടിസ്ഥാനത്തില് മരിച്ചത് ദേവികയാണെന്ന് ജപ്പാന് അധികൃതര് സ്ഥിരീകരിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കാന് കഴിയാത്ത സാഹചര്യത്തില് ജപ്പാനില് വച്ചുതന്നെ ദേവികയുടെ സംസ്കാര ചടങ്ങുകള് നടത്തിയിരുന്നു. കുടുംബത്തിന്റെ അനുവാദത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യന് എംബസി, ജപ്പാനിലെ മലയാളി സംഘടനാ പ്രതിനിധികള് എന്നിവരുടെ സഹായത്തോടെയായിരുന്നു സംസ്ക്കാര ചടങ്ങുകള് നടന്നത്. മൃതദേഹം സംസ്കരിക്കുന്നതിനും ചിതാഭസ്മം നാട്ടിലെത്തിക്കുന്നതിനാവശ്യമായ രേഖകള് തയാറാക്കി സമര്പ്പിക്കുന്നതിനും, തുടര്നടപടികളുടെ ഏകോപനത്തിനും നോര്ക്ക റൂട്ട്സാണ് നേതൃത്വം നല്കിയത്. സജീവ് ജോസഫ് എംഎല്എ ഇതിനാവശ്യമായ സഹായങ്ങള് നല്കി.
പ്ലസ്ടു പഠനത്തിന് ശേഷം ലാബ് ടെക്നീഷ്യന് കോഴ്സ് പൂര്ത്തിയാക്കിയ ദേവിക, കാസര്കോട് നീലേശ്വരത്തെ ഒരു അക്കാദമിയില് നിന്ന് എട്ടുമാസം നീണ്ട ജാപ്പനീസ് ഭാഷാ കോഴ്സ് പഠിച്ച ശേഷമാണ് തന്റെ വലിയ സ്വപ്നമായിരുന്ന ജപ്പാന് ജോലി നേടിയെടുത്തത്. മൂന്നുവര്ഷത്തെ കരാറില് ജപ്പാനിലെത്തിയ ദേവിക, ഇഗലൊ ചൊവന് സോഷ്യല് വെല്ഫെയര് കോര്പറേഷന് എന്ന സ്ഥാപനത്തില് നഴ്സിങ് അസിസ്റ്റന്റായി ആറുമാസം മുന്പാണ് ജോലിയില് പ്രവേശിച്ചത്.
പ്രകാശന്റെയും ബീനയുടെയും മൂത്ത മകളാണ് ദേവിക. മകളെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില് മുഖ്യമന്ത്രിക്കു പുറമെ കെ.സി വേണുഗോപാല്, കെ. സുധാകരന് എംപി, സജീവ് ജോസഫ് എംഎല്എ എന്നിവരും ഇടപെട്ടിരുന്നു. കുടുംബത്തിന് ജപ്പാനിലേക്ക് പോകാന് കഴിഞ്ഞിരുന്നില്ല. തുടര്ന്ന് വേള്ഡ് മലയാളി ഫെഡറേഷന്, നിഹോണ് കൈരളി എന്നീ മലയാളി സംഘടനകളുടെ നേതൃത്വത്തിലാണ് ജപ്പാനില് ഹിന്ദു ആചാരപ്രകാരം സംസ്കാര ചടങ്ങുകള് നടത്തിയത്. നാട്ടിലുള്ള കുടുംബാംഗങ്ങള്ക്ക് കാണാനായി ചടങ്ങുകള് തത്സമയം സ്ട്രീമിങ് ചെയ്തിരുന്നു.