
കോഴിക്കോട് തൊട്ടിൽപ്പാലത്ത് അധ്യാപികയായ കാണാതായി പത്തുദിവസം പിന്നിട്ടിട്ടും പൊലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്ന് കുടുംബം. ഈ മാസം അഞ്ചിനാണ് മൊയിലോത്തറ സർക്കാർ എൽ പി സ്കൂളിലെ അധ്യാപികയായ അനുമോളെ കാണാതായത്. ജോലിക്കായി വീട്ടിൽനിന്ന് പോയതിന് പിന്നാലെ കാണാതാവുകയായിരുന്നു.
അനുമോളെ കാണാതാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വടകര സ്വദേശിയായ ഒരാൾക്കൊപ്പം കണ്ടിരുന്നതായി കുടുംബവും സഹപ്രവർത്തകരും ആരോപിച്ചു. പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിൽ മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിട്ടുണ്ട്.
അനുമോൾ ഇതിനു മുൻപും വാർത്തകളിൽ ഇടം നേടിയിരുന്നു. ഗുരുതരമായ കരൾരോഗത്തെ തുടർന്ന് ഭർത്താവ് സുഭാഷ് കരളിന്റെ ഒരു ഭാഗം ദാനം ചെയ്തതോടെയാണ് അനു ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ അഞ്ചിന് പതിവുപോലെ ജോലി ചെയ്യുന്ന സ്കൂളിലേക്ക് പോയ അനു, വൈകിട്ട് ക്ലാസ് കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് അന്ന് തന്നെ കുടുംബം തൊട്ടിൽപ്പാലം പൊലീസിൽ പരാതി നൽകിയിരുന്നു.
അധ്യാപികയുടെ തിരോധാനത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം ആരോപിച്ചു. നാദാപുരം ഡിവൈഎസ്പി മോശമായി പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നും ഇവർ ആരോപിക്കുന്നു. അനുമോളൊടൊപ്പം കണ്ട വടകര സ്വദേശി ലഹരിക്കേസ് പ്രതിയാണെന്നാണ് വിവരം. അധ്യാപികയെ കാണാതായതിൽ ഇയാൾക്ക് പങ്കുണ്ടോയെന്നത് പൊലീസ് അന്വേഷിച്ചുവരികയാണ്.