Image

ഇരകളെ നിശ്ശബ്ദമാക്കുന്നതാണ് മോദി സർക്കാരിന്‍റെ രീതി; അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തതിനെ വിമർശിച്ച് രാഹുൽ ഗാന്ധി

Published on 15 October, 2026
ഇരകളെ  നിശ്ശബ്ദമാക്കുന്നതാണ് മോദി സർക്കാരിന്‍റെ രീതി; അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തതിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ 2022ൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തതിൽ മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇരകളുടെ ശബ്ദം നിശ്ശബ്ദമാക്കുകയും ചോദ്യങ്ങൾ ചോദിക്കുന്നവരെ നീക്കം ചെയ്യുകയും ചെയ്യുന്നതാണ് ഈ സർക്കാരിന്‍റെ രീതിയെന്ന് അദ്ദേഹം ആരോപിച്ചു.

സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതമിനെ നിയമിച്ചതിനെതിരേ ഇന്ത്യാ ഗേറ്റിന് സമീപം പ്രതിഷേധിച്ചതിനെ തുടർന്നാണ് 19കാരിയായ അങ്കിതയുടെ മാതാപിതാക്കളെ വ്യാഴാഴ്ച പുലർച്ചെ നാലിന് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, പുലർച്ചെ അഞ്ചോടെ ഇവരെ വിട്ടയച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

അങ്കിതയുടെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം പൂർത്തിയാകുന്നതുവരെ ഗൗതമിന്‍റെ ഗവർണർ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാതാപിതാക്കളുടെ പ്രതിഷേധം. കസ്റ്റഡിയിലിരിക്കേ നിയമനം റദ്ദാക്കാൻ കേന്ദ്ര സർക്കാരിന് 24 മണിക്കൂർ സമയം നൽകുന്നതായി അങ്കിതയുടെ പിതാവ് പ്രഖ്യാപിച്ചിരുന്നു.

“പുലർച്ചെ നാല് മണി. ലോകം ഉറങ്ങിക്കിടക്കുമ്പോൾ അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു. അവരുടെ കുറ്റമെന്താണ്? യാതൊരു ബഹളവുമില്ലാതെ, ദുഃഖഭാരത്തോടെ ഇന്ത്യാ ഗേറ്റിൽ ഇരുന്ന്, സിബിഐ അന്വേഷണം പൂർത്തിയാകുന്നതുവരെ ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറാക്കരുതെന്ന് ആവശ്യപ്പെട്ടത്.”-എക്സിൽ ഹിന്ദിയിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ ഗാന്ധി പറഞ്ഞു.

“ഇന്നലെ പ്രിയങ്കയും ഞാനും ഈ മാതാപിതാക്കളെ കണ്ടിരുന്നു. അന്വേഷണഫലം പുറത്തുവരുന്നതിന് മുൻപുതന്നെ നിയമനം തിടുക്കത്തിൽ നടത്തി. ചോദ്യങ്ങൾ ചോദിച്ച മാതാപിതാക്കളെ അർധരാത്രിയിൽ കസ്റ്റഡിയിലെടുത്തു. ഇരകളുടെ ശബ്ദം നിശ്ശബ്ദമാക്കുക, ചോദ്യങ്ങൾ ചോദിക്കുന്നവരെ നീക്കം ചെയ്യുക—ഇതാണ് ഈ സർക്കാരിന്‍റെ രീതി. എന്നാൽ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ നിശ്ശബ്ദമാക്കാനോ തടയാനോ കഴിയില്ല”- ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി പറഞ്ഞു. അങ്കിതയുടെ കുടുംബത്തോടൊപ്പം കോൺഗ്രസ് ഉറച്ചുനിൽക്കുമെന്നും അവർക്ക് നീതി ലഭിക്കുന്നതുവരെ പിന്തുണ തുടരുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഗൗതമിന്‍റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ അനുകൂല തീരുമാനം എടുക്കാത്തപക്ഷം രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അങ്കിതയുടെ പിതാവ് മുന്നറിയിപ്പ് നൽകി. അങ്കിതയുടെ മരണത്തിൽ ഗൗതമിന് നിർണായക പങ്കുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇതേ തുടർന്നാണ് ഗൗതമിന്‍റെ നിയമനത്തിനെതിരേ കുടുംബം രംഗത്തുവന്നത്.

അങ്കിതയുടെ മാതാപിതാക്കൾക്ക് പുറമേ കോൺഗ്രസ് മാധ്യമ-പ്രചാരണ വിഭാഗം മേധാവി പവൻ ഖേര, ഇമ്രാൻ പ്രതാപ്ഗർഹി എംപി, സാമൂഹിക മാധ്യമ വിഭാഗം മേധാവി സുപ്രിയ ശ്രിനാതെ, ഇന്ത്യൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബ് എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇവരെയും വിട്ടയച്ചു.

ഋഷികേശിലെ വനന്തര റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന അങ്കിതയെ 2022 സെപ്റ്റംബർ 18നാണ് കൊലപ്പെടുത്തിയത്. നാല് ദിവസത്തിനുശേഷം ചില്ല കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തി. റിസോർട്ട് ഉടമയും മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനുമായ പുൽകിത് ആര്യയെയും കൂട്ടാളികളായ രണ്ട് പേരെയും കേസിൽ കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

അതേസമയം തിരിച്ചറിയാത്ത ഒരു വിഐപിക്ക് കൃത്യത്തിൽ പങ്കുണ്ടെന്ന ആരോപണമാണ് കേസ് രാഷ്ട്രീയശ്രദ്ധ നേടാൻ കാരണമായത്. ഈ ആരോപണത്തിൽ അന്വേഷണം വേണമെന്ന് അങ്കിതയുടെ കുടുംബം ആവശ്യപ്പെട്ടുവരികയാണ്. ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഗൗതമിന്‍റെ പേരും ഉയർന്നുവന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക