
തിരുവനനന്തപുരം: കിഫ്ബി 13,103 കോടിരൂപ സർക്കാരിന് അധിക ചെലവുണ്ടാക്കിയെന്നും മൂന്നു ജില്ലകളിൽ മാത്രമായി 41.6 ശതമാനം പദ്ധതികൾ നൽകിയെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ. വിവിധ ജില്ലകളിലെ ഭൂമി ഏറ്റെടുക്കലിൽ ഗുരുതര വീഴ്ചകൾ നടന്നതായ കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട്. സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നതുൾപ്പെടെയുള്ള നിരവധി നിരീക്ഷണങ്ങൾ കമ്മിറ്റി അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് വൻ കടബാധ്യതയാണ് കിഫ്ബി ഉണ്ടാക്കിയതെന്നും മുഖ്യമ്രന്തി വി. ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
കിഫ്ബിയുടെ പദ്ധതികൾ പലതും വരുമാനദായകമല്ലായിരുന്നു. ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി. കണക്കിൽ കാണിച്ചതിൻ്റെ പത്തിരട്ടി പരസ്യത്തിനായി ചെലവാക്കി. കടം പെരുകുമ്പോഴും 5821 കോടിരൂപ വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചു. ക്രമക്കേടുകൾ സംബന്ധിച്ച് ഏതുരീതിയിൽ അന്വേഷണം നടത്തണമെന്ന് മന്ത്രിസഭ ചർച്ച ചെയ്ത് തീരുമാനിക്കും. കിഫ്ബിയുടെ പ്രവർത്തനങ്ങളെ വിമർശിച്ച സിഎജി റിപ്പോർട്ടിനെ നേരത്തെ എൽഡിഎഫ് സർക്കാർ തള്ളുകയായിരുന്നു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാനകാരണം കിഫ്ബിയാണെന്നും ധനകാര്യ വിദഗ്ധർ നൽകിയ റിപ്പോർട്ടിലുണ്ട്.
2026 സെപ്റ്റംബർ 29ലെ കണക്കനുസരിച്ച്, കിഫ്ബിയുടെ ധനസമാഹരണ മാതൃക മൂലം കേരള സർക്കാരിൻ്റെ ആകെ വരവുകളിലുണ്ടായ കുറവ് 61,678.46 കോടിയാണ്. അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി ചെലവഴിച്ച തുകയും അതിൻ്റെ ഫണ്ട് നീക്കിയിരിപ്പും കൂടി 48,574.82 കോടിയാണ്. അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ സർക്കാർ നേരിട്ട് നടത്തിയിരുന്നെങ്കിൽ, 61,678.46 കോടി മുതൽ മുടക്കാൻ സർക്കാരിന് കഴിയുമായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതായത് കിഫ്ബി വഴി പദ്ധതികൾ നടപ്പിലാക്കിയതിനാൽ സംസ്ഥാനത്തിന് ഇതുവരെ 13,103 കോടി രൂപ അധിക ചെലവാണുള്ളത്.