
ന്യൂഡല്ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി സ്പെഷ്യൽ സമ്മറി റിവിഷൻ (എസ്.എസ്.ആർ) പ്രഖ്യാപിച്ചു. പുതിയ വോട്ടർമാരെയും വിവാദപരമായ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) നടപടികളിൽ വിട്ടുപോയവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.
പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ, തമിഴ്നാട് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. 2027 ജനുവരി 1 യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് ഈ നടപടി മുന്നോട്ട് പോകുന്നത്. കരട് വോട്ടർ പട്ടിക നവംബർ 12-ന് പ്രസിദ്ധീകരിക്കുകയും അന്തിമ പട്ടിക 2027 ജനുവരി 4-ന് പുറത്തിറക്കുകയും ചെയ്യും. 2027 ഫെബ്രുവരിയോടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലും പഞ്ചാബിലും ഈ വോട്ടർ പട്ടിക പുതുക്കൽ നിർണായകമാണ്.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അസം, ബിഹാർ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്, മധ്യപ്രദേശ്, മണിപ്പൂർ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഈ പ്രത്യേക വോട്ടർ ചേർക്കൽ യജ്ഞം നടപ്പാക്കുക.
എസ്.ഐ.ആർ നടപടികളിലൂടെ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഡല്ഹിയില് കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് കമ്മീഷന്റെ പുതിയ ഉത്തരവ് വന്നിരിക്കുന്നത്. മുൻപ് വോട്ടർമാർ സമർപ്പിക്കേണ്ടിയിരുന്ന ഫോം 6-നൊപ്പം മാതാപിതാക്കളെ 20 വർഷം മുൻപത്തെ എസ്.ഐ.ആർ പട്ടികയുമായി ബന്ധിപ്പിക്കുന്ന അധിക സാക്ഷ്യപത്രം നൽകണമെന്ന നിബന്ധന വലിയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' മുന്നണി, കോക്ക്റോച്ച് ജനതാ പാർട്ടി തുടങ്ങിയ പ്രസ്ഥാനങ്ങൾ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കിയിരുന്നു.
പുതിയ നിർദ്ദേശപ്രകാരം വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി ഫോം 6 തന്നെയാണ് ഉപയോഗിക്കേണ്ടത്. എന്നാൽ നേരത്തെ വിവാദത്തിലായ അധിക സാക്ഷ്യപത്രത്തെക്കുറിച്ച് ഈ ഉത്തരവിൽ പരാമർശമൊന്നുമില്ല. വിവാദപരമായ ഈ വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്.
അതേസമയം, അനാവശ്യമായി പേരുകൾ വെട്ടിമാറ്റുന്നത് തടയാൻ കമ്മീഷൻ ശക്തമായ മുൻകരുതലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രദേശത്ത് ആകെയുള്ള വോട്ടർമാരുടെ രണ്ട് ശതമാനത്തിൽ കൂടുതൽ പേരുകൾ ഒഴിവാക്കപ്പെടുകയോ, ഒരാൾ തന്നെ അഞ്ചിൽ കൂടുതൽ ആളുകളെ ഒഴിവാക്കാൻ അപേക്ഷ നൽകുകയോ ചെയ്താൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇ.ആർ.ഒ) നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. വോട്ടർമാരെ ഒഴിവാക്കാനായി നൽകുന്ന ഫോം 7 ഒരേ വ്യക്തി മൊത്തമായി സമർപ്പിക്കുന്നത് തടയാൻ പരിധി നിശ്ചയിച്ചിട്ടുമുണ്ട്.