Image

മോദിയുടെ കസേര തെറിപ്പിച്ച് ഗ്യാനേഷിനെ ജയിലിൽ അടയ്ക്കും, പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നോക്കിയാൽ പിന്നോട്ടില്ല ; ദേശീയപതാകയുമായി നാളെ വീണ്ടും പ്രതിഷേധം

Published on 15 October, 2026
മോദിയുടെ കസേര തെറിപ്പിച്ച് ഗ്യാനേഷിനെ ജയിലിൽ അടയ്ക്കും, പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നോക്കിയാൽ പിന്നോട്ടില്ല ;  ദേശീയപതാകയുമായി നാളെ വീണ്ടും പ്രതിഷേധം

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് രാഷ്ട്രപതിക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള അസാധാരണ സുരക്ഷാ സംരക്ഷണമാണ് കേന്ദ്ര സർക്കാർ നൽകുന്നതെന്ന് സിജെപി കൺവീനർ അഭിജിത് ദീപ്കെ. സിജെപി, എസ്എഫ്ഐ, എഐഎസ്എഫ് എന്നീ സംഘടനകളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം..

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനായി മുൻ മുഖ്യമന്ത്രിമാരെ വരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന സാഹചര്യം ഉണ്ടായെന്നും, എന്തിനാണ് ഇത്രയധികം സുരക്ഷയെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിൽ മോദിയെ സഹായിച്ചതിന്റെ പ്രത്യുപകാരമാണോ ഈ സംരക്ഷണമെന്നും, രാജ്യത്ത് ‘വൺ നേഷൻ വൺ ഇലക്ഷൻ’ എന്നതിലുപരി ‘വൺ നേഷൻ വൺ പാർട്ടി’ എന്ന അജണ്ടയാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വാർത്താസമ്മേളനത്തിനിടയിൽ ഐസ നേതാവ് നേഹ ബോറ സംസാരിക്കുന്നതിനിടയിൽ റിപ്പബ്ലിക് ചാനലിലെ മാധ്യമപ്രവർത്തകനുമായി ചെറിയ തോതിൽ വാക്കേറ്റവും സംഘർഷാവസ്ഥയും ഉണ്ടായി. സർക്കാരിനും പൊലീസിനുമെതിരായ വിമർശനങ്ങളെ തടസ്സപ്പെടുത്താൻ ശ്രമം നടന്നുവെങ്കിലും മറ്റ് മാധ്യമപ്രവർത്തകർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

തുടർന്ന് സംസാരിച്ച നേഹ ബോറ, പ്രതിഷേധിക്കുന്നവരെയും യുവതികളെയും മണിക്കൂറുകളോളം കസ്റ്റഡിയിൽ വെക്കുകയും അതിക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്ന പൊലീസ് നടപടിയെ ശക്തമായി അപലപിച്ചു. ദേശീയപതാക വീശിയതിനെ കുറ്റമാക്കിയ നടപടിയെയും നേതാക്കൾ ചോദ്യം ചെയ്തു.

വോട്ടുകൾ ചോർത്തിയെടുത്ത ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്ന് എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നോക്കിയാൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ നേതാക്കൾ, ജന്തർ മന്തറിലെ വിലക്കുകൾക്ക് പുല്ലുവില കൽപ്പിച്ച് നാളെ (ഒക്‌ടോബർ 16) ദേശീയപതാകയുമായി വീണ്ടും വലിയ തോതിൽ പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചു. മോദിയുടെ കസേര തെറിപ്പിച്ച് ഗ്യാനേഷിനെ ജയിലിൽ അടയ്ക്കും വരെ പോരാട്ടം തുടരുമെന്നും അവർ ആഹ്വാനം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക