
യുഎസ് ഇല്ലിനോയിൽ ഹിന്ദു ക്ഷേത്രം ആക്രമിക്കാൻ നടന്ന ശ്രമം ആ രാജ്യത്തു വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യാ വിരുദ്ധ വിദ്വേഷത്തിന്റെ തെളിവാണെന്നു ഇന്ത്യ ചൂണ്ടിക്കാട്ടി. "വംശീയ വിദ്വേഷവും ഇന്ത്യക്കെതിരായ വെറുപ്പും നിർത്താൻ അധികൃതർ നടപടി എടുക്കണമെന്നു ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വെള്ളക്കാരുടെ മേധാവിത്വം ആഗ്രഹിക്കുന്ന 'നിയോ നാസി' എന്നു സ്വയം വിശേഷിപ്പിച്ച അലെക്സാൻഡ്രോസ് പാപോറാകിസ് എന്ന 19കാരനാണ് ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താൻ എത്തിയത്. റൈഫിൾ പ്രവർത്തിക്കാതെ വന്നപ്പോൾ പലായനം ചെയ്ത അയാൾ സഹപ്രവർത്തകനോടു അക്കാര്യം പറഞ്ഞപ്പോൾ സഹപ്രവർത്തകനാണ് പോലീസിൽ അറിയിച്ചത്.
ഇല്ലിനോയി സംഭവത്തിന്റെ വംശീയ സ്വഭാവം വ്യക്തമാണെന്നു വക്താവ് രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടി. "ഇന്ത്യക്കാർക്കെതിരെ നടത്തുന്ന പ്രചാരണങ്ങളും അക്രമവും പ്രത്യേകിച്ചും അങ്ങേയറ്റം അസ്വസ്ഥത ഉണ്ടാക്കുന്നു. ഇല്ലിനോയി അറോറയിൽ ഹിന്ദു ക്ഷേത്രത്തിനെതിരെ ആക്രമണം നടത്താൻ ശ്രമിച്ചു എന്ന റിപ്പോർട്ട് ഏറെ ആശങ്ക ഉളവാക്കുന്നു.
"ഗൂഢാലോചനയുടെ ഹിന്ദു വിരുദ്ധ സ്വഭാവം പ്രത്യേകിച്ചും അസ്വസ്ഥത ഉളവാക്കുന്നു. ഇന്ത്യക്കാർക്കെതിരായ അക്രമ പരാമർശങ്ങളും."
സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
സസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്നു കോൺസലേറ്റ്
അറോറ ഗൂഢാലോചനയോടു ബന്ധപ്പെട്ട സംഭവ വികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നു ഷിക്കാഗോയിലെ ഇന്ത്യൻ കോൺസലേറ്റ് ജനറൽ പറഞ്ഞു. നിയമപാലകർ കൃത്യമായി നടപടി എടുത്തതിൽ സന്തോഷമുണ്ട്.
"ഇന്ത്യൻ പ്രവാസി സമൂഹവുമായി ഞങ്ങൾ ബന്ധപ്പെട്ടു കൊണ്ടിരിക്കയാണ്."
India deplores bid for violence at Hindu temple