Image

കമല ഹാരിസ് തലറികോക്ക് പിന്തുണ നൽകിയില്ല

ഏബ്രഹാം തോമസ് Published on 15 October, 2026
കമല ഹാരിസ് തലറികോക്ക് പിന്തുണ നൽകിയില്ല

ഓസ്റ്റിൻ: ഇടക്കാല തിരഞ്ഞെടുപ്പിൽ കക്ഷി രാഷ്ട്രീയം മറികടന്നു നേതാക്കളും പ്രസിദ്ധരും സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകി വരികയാണ്. മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ടെക്സസ് സെനറ്റ് മത്സരത്തിൽ ഡെമോക്രറ്റിക് പ്രൈമറി വരെ ജന പ്രതിനിധി ജാസ്മിൻ ക്രോക്കറ്റിനെയാണ് പിന്തുണച്ചിരുന്നത്. പ്രൈമറികളിൽ ക്രോകെറ്റ് പരാജയപ്പെടുകയും നോമിനേഷൻ ജെയിംസ് തലറിക്കോയ്ക്കു  പാർട്ടി നൽകുകയും ചെയ്തു. തലറിക്കോയ്ക്കു ഹാരിസ് പിന്തുണ നൽകും എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതി.

പക്ഷെ കണക്കുകൂട്ടലുകൾ തെറ്റി. ഹാരിസ് തലറിക്കോയ്ക്കു  പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. പകരം അവർ കോൺഗ്രഷണൽ ബ്ലാക്ക് കോക്കസിന്റെയും കോൺഗ്രഷണൽ ഹിസ്പാനിക് കോക്കസിന്റെയും പൊളിറ്റിക്കൽ വിങ്ങിനെയാണ് പിന്തുണക്കുന്നത് എന്ന് പറഞ്ഞു. എങ്കിലും തലറിക്കോയുടെ പ്രചാരണം പ്രചോദനാത്മകം ആണെന്ന് ഹാരിസ് പറഞ്ഞു. എതിർ സ്ഥാനാർഥി കെൻ പാക്സ്റ്റന്റെ അനുയായികൾ ചിലർ തന്നെ പിന്തുണക്കുന്നുണ്ട് എന്ന് തലറിക്കൊ പറയുന്നു.

മുൻ പ്രസിഡന്റ് ബാരാക് ഒബാമയും തലറിക്കോയെ പരസ്യമായി പിന്തുണച്ചിട്ടില്ല. എന്നാൽ അദ്ദേഹം പ്രതിഭാശാലിയായ, അടുത്ത് തന്നെ സെനറ്റർ ആകാൻ സാധ്യതയുള്ള നേതാവാണെന്ന് ഒബാമ പറഞ്ഞു.

ഡാലസ് വ്യവസായിയും ഷാര്ക് ടാങ്ക് താരവുമായ മാർക്ക് കുബൻ തലറിക്കോയ്ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്ഥാനാർത്ഥിക്കൊപ്പം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിൽ ന്യേ എന്ന 'സയൻസ് ഗൈ' തലറിക്കൊ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. കൺട്രി പാട്ടുകാർ 'ദി ചിക്‌സ്' തലറിക്കൊ ഷർട്ടുകൾ ധരിച്ചു പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു. തലറിക്കൊ തന്നെ പിന്തുണക്കുന്നവരുടെ പട്ടികയിൽ നിരവധി റിപ്പബ്ളിക്കനുകൾ ഉണ്ട് എന്ന് ഒരു പരസ്യത്തിലൂടെ വെളിപ്പെടുത്തി.

പ്രസിഡന്റ് ട്രംപ് വൈകി ആണെങ്കിലും പാക്സ്റ്റണെ പിൻതുണച്ചു രംഗത്തെത്തി. ടെക്സസ് സെനറ്റ് മത്സരം വളരെ വിലപ്പെട്ടതാണെന്നു ട്രംപിനറിയാം. മുതിർന്ന സ്റ്റേറ്റ് റിപ്പബ്ളിക്കനുകളും, പ്രതിനിധി സഭ ഭൂരിപക്ഷ നേതാവ് മാർക്ക് ട്യൂണേയും നാഷണൽ റിപ്പബ്ലിക്കൻ സെനറ്ററിയാൽ കമ്മിറ്റി ചെയര്മാന് ടിം സ്കോട്ടും ഇവരെ പിന്തുണക്കുന്ന രാഷ്ട്രീയ സമിതികളും പാക്സ്റ്റന് വേണ്ടി ധനശേഖരം നടത്തി. ഇവർ പ്രൈമറിയിൽ ക്രോണിനെ പിന്തുണച്ചിരുന്നതാണ്. മുൻ യൂണിവേഴ്സിറ്റി ഓഫ് കെന്റക്കി സ്വിമ്മർ റൈലി ഗൈൻസ് പാക്സ്റ്റണെ പിന്തുണക്കുന്നു. ഇയാൾ ട്രാൻസ്‌ജെണ്ടെർ അത്‌ലറ്റുകൾ സ്ത്രീകളുടെ സ്പോർട്സുകളിൽ പങ്കെടുക്കുന്നതിനെതിരെ ശബ്ദം ഉയർത്തി ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

കൗബോയ്സ് ടീം ഓണർ ജെറി ജോൺസ് പരസ്യമായി പാക്സ്റ്റണെ പിന്തുണക്കുന്നില്ലെങ്കിലും പ്രചാരണ ഫണ്ടിലേക്ക് 2,50,000 ഡോളർ സംഭാവന ചെയ്തു. ടെക്സസ് സെനറ്റർ റ്റെഡ് ക്രൂസ് പ്രൈമറികളിൽ നിഷ്പക്ഷനായിരുന്നുവെങ്കിലും ഇപ്പോൾ പാക്സ്റ്റന് വേണ്ടി പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കുന്നു. പാക്സ്റ്റനുമായി പിണങ്ങി മാറിയ അദ്ദേഹത്തിന്റെ ഭാര്യ സെന. ആൻജെല പാക്സ്റ്റൻ പാക്സ്റ്റൺ പിന്തുണക്കുന്ന സൂപ്പർ പി എ സി യുടെ പരസ്യത്തിൽ പ്രത്യക്ഷപെട്ടു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കു വോട്ടു ചെയ്യണമെന്ന് അഭ്യർത്ഥിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക