Image

ഡൽഹിയിൽ വീണ്ടും പതാകയുമായി പ്രതിഷേധത്തിന് സിജെപി; ഒക്ടോബർ 16ന് കൊണോട്ട് പ്ലേസിൽ ഒത്തുചേരാൻ ആഹ്വാനം

Published on 14 October, 2026
ഡൽഹിയിൽ വീണ്ടും പതാകയുമായി പ്രതിഷേധത്തിന് സിജെപി; ഒക്ടോബർ 16ന് കൊണോട്ട് പ്ലേസിൽ ഒത്തുചേരാൻ ആഹ്വാനം

ദേശീയ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട കേസിൽ നേതാക്കൾ അറസ്റ്റിലായതിന് പിന്നാലെ ഡൽഹിയിൽ വീണ്ടും പ്രതിഷേധത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഒക്ടോബർ 16ന് വൈകിട്ട് അഞ്ചിന് കൊണോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ദേശീയ പതാകയുമായി എത്താൻ പാർട്ടിയുടെ സ്ഥാപക നേതാവ് അഭിജീത് ദിപ്കെ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിഡിയോയിലാണ് പ്രതിഷേധത്തിൽ പങ്കെടുക്കാനുള്ള നിർദേശം അദ്ദേഹം മുന്നോട്ടുവച്ചത്.

അനുമതിയില്ലാതെ ജന്തർ മന്തറിൽ പ്രവേശിച്ച് ദേശീയ പതാക ഉയർത്തിയതിനെ തുടർന്ന് അറസ്റ്റിലായ സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിൻക്യ ഷിൻഡെ എന്നിവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യം.

 ദേശീയ പതാകയുമായി ഡൽഹിയിലെത്തി പതാക ഉയർത്തണമെന്നും അതൊരു കുറ്റകൃത്യമല്ലെന്ന് ഭരണാധികാരികളെ ഓർമിപ്പിക്കണമെന്നുമാണ് അഭിജീത് ദിപ്കെയുടെ ആഹ്വാനം.

ഡൽഹിയിലെത്താൻ കഴിയാത്തവർ സ്വന്തം നഗരങ്ങളിൽ ദേശീയ പതാകയുമായി മാർച്ച് നടത്തണമെന്നും അഭിജീത് ആവശ്യപ്പെട്ടു. ദേശീയ പതാക രാജ്യത്തിന്റെ അഭിമാനമാണെന്നും അത് ഉയർത്തുന്നത് കുറ്റകൃത്യമല്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഇത്തരം പ്രതിഷേധങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞു. അറസ്റ്റിലായ നേതാക്കൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട വിഷയവും പൊതുചർച്ചയിലേക്ക് കൊണ്ടുവരാനാണ് പാർട്ടിയുടെ നീക്കം.

ഇതിന് മുൻപും ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ ഇന്ത്യക്കാർ ജയിലിലായത് ബ്രിട്ടീഷ് ഭരണകാലത്താണെന്ന് അഭിജീത് ദിപ്കെ പറഞ്ഞിരുന്നു. ഇപ്പോൾ നേതാക്കളുടെ അറസ്റ്റിന് പിന്നാലെ വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതോടെ ഒക്ടോബർ 16ന് ഡൽഹിയിൽ നടക്കുന്ന പരിപാടി ശ്രദ്ധേയമാകുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക