
ബർലിൻ: ജർമ്മനിയിലെ ബോഹും നഗരത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് യുവതികളടക്കം മൂന്ന് മലയാളികൾ മരിച്ചു. ഇടുക്കി ഇരട്ടയാർ ശാന്തിഗ്രാം സ്വദേശി നോവ സാബു (23), കൊല്ലം ചെമ്മക്കാട് സ്വദേശിനി അഞ്ജലി ഷീല ജോയ് (27), കാലടി സ്വദേശി സ്റ്റീൻ ജോണി (26) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 വയസ്സുള്ള റൊമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബോഹുമിലെ ഹോഫ്സ്റ്റഡെ മേഖലയിലെ ബഹുനില പാർപ്പിട കെട്ടിടത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിലാണ് മൂന്ന് മലയാളികളെയും അഗ്നിശമനസേനാംഗങ്ങൾ മരിച്ചനിലയിൽ കണ്ടെത്തിയത്. പുക ശ്വസിച്ച് പരിക്കേറ്റ അഞ്ചുപേരെ ബോഹുമിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ പൗരത്വം സ്ഥിരീകരിച്ചിട്ടില്ല.
കോണിപ്പടിയിലൂടെ തീ അതിവേഗം മുകളിലത്തെ നിലകളിലേക്ക് പടർന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഇതോടെ അപ്പാർട്ട്മെന്റുകളിൽ പ്രവേശിക്കാനും മുകളിലത്തെ നിലകളിലെ താമസക്കാരുടെ അടുത്തെത്താനും അഗ്നിശമനസേനയ്ക്ക് ബുദ്ധിമുട്ട് നേരിട്ടു.
കട്ടപ്പന ശാന്തിഗ്രാം കൊച്ചേട്ടൽ കെ. പി. സാബു–പി. എൻ. ജ്യോതി ദമ്പതികളുടെ മകളാണ് നോവ സാബു. ജർമ്മനിയിൽ ജിം ട്രെയിനറായി ജോലി ചെയ്തിരുന്ന നോവ ജൂലൈ മൂന്നിനാണ് അവിടേക്ക് പോയത്. പിതാവ് സാബു വിരമിച്ച എസ്.ഐയും മാതാവ് ജ്യോതി ചെമ്പകപ്പാറ പി.എച്ച്.സിയിലെ പബ്ലിക് ഹെൽത്ത് നഴ്സുമാണ്. ബുധനാഴ്ച വൈകിട്ടാണ് വീട്ടുകാർ വിവരം അറിഞ്ഞത്. ബന്ധുക്കൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ചെമ്മക്കാട് അശ്വതി നിവാസിൽ ജോയിയുടെയും ഷീലാ ജോയിയുടെയും മകളാണ് അഞ്ജലി എസ്. ജോയ്. പിതാവ് കൃഷിവകുപ്പിൽനിന്നും മാതാവ് രജിസ്ട്രേഷൻ വകുപ്പിൽ ഓഫീസ് അസിസ്റ്റന്റായും വിരമിച്ചവരാണ്. കഴിഞ്ഞ ജൂലൈയിൽ ജോലി ലഭിച്ചതിനെത്തുടർന്നാണ് അഞ്ജലി ജർമ്മനിയിലേക്ക് പോയത്. അശ്വനിയാണ് സഹോദരി.
തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ആരോ തീ വെച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ തീ മനഃപൂർവം കൊളുത്തിയതാണോ അബദ്ധത്തിൽ ഉണ്ടായതാണോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.