Image

വാഹനത്തെ ചൊല്ലി വാക്കുതർക്കം; കമ്പത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, രണ്ട് പേര്‍ അറസ്റ്റിൽ

Published on 14 October, 2026
വാഹനത്തെ ചൊല്ലി വാക്കുതർക്കം;   കമ്പത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, രണ്ട് പേര്‍ അറസ്റ്റിൽ

ഇടുക്കി: കുമളിക്ക് സമീപം കമ്പത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട് തേനി അണ്ണാപുരം സ്വദേശി പ്രഭുവാണ് (32) കൊല്ലപ്പെട്ടത്. സംഭവത്തിൽ രഞ്ജിത്, ഗിരി എന്നിവരെ കമ്പം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു. ഒളിവിലുള്ള മൂന്നാം പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

കമ്പത്തെ തിയേറ്ററിന് സമീപം ബുധനാഴ്‌ചയാണ് സംഭവം. സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പ്രഭു. കഴിഞ്ഞ ദിവസം രാത്രി ഭാര്യയ്ക്കും സഹപ്രവർത്തകർക്കുമൊപ്പം സിനിമ കാണാനായി തിയേറ്ററിലേക്ക് പോകുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ഊത്തുക്കാട് ജങ്ഷന് സമീപം പ്രഭുവിൻ്റെ ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഉരസുകയുണ്ടായി. തൊട്ടുപിന്നാലെ ഇത് ചൂണ്ടിക്കാണിച്ച് ചോദ്യം ചെയ്‌തതിനെ തുടർന്ന് റോഡരികിൽ വച്ച് തർക്കമുണ്ടായി.

അവിടെ നിന്ന് തിയേറ്ററിലെത്തി ഭാര്യയെ വാഹനത്തിൽ നിന്ന് ഇറക്കിയശേഷം ബൈക്ക് പാർക്ക് ചെയ്യാൻ പോയ പ്രഭുവിനെ പ്രതികൾ പിന്തുടർന്നു. വീണ്ടും സംഭവത്തെക്കുറിച്ച് ഇരുകൂട്ടരും സംസാരിക്കുകയും തർക്കം രൂക്ഷമാകുകയും ചെയ്‌തു. ഇതിനിടെ പ്രതികളുടെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് പ്രഭുവിനെ നിരവധി തവണ കുത്തി. ഒന്നിലധികം കുത്തേറ്റ പ്രഭു അവശനിലയിലായി.

ഗുരുതരമായി പരിക്കേറ്റ പ്രഭുവിനെ കമ്പം നോർത്ത് പൊലീസ് എത്തി ആദ്യം കമ്പം സർക്കാർ ആശുപത്രിയിലും പിന്നീട് തേനി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്‌ച രാവിലെ പ്രഭു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രഞ്ജിത്, ഗിരി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒളിവിലുള്ള മൂന്നാം പ്രതി മുത്തുപ്പാണ്ടിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക