Image

‘നിന്റെ നേതാക്കൾ എവിടെ എന്ന് ചോദിച്ച് മുഖത്തടിച്ചു, മുടിയിൽ പിടിച്ച് വലിച്ച് താഴേക്ക് തള്ളി, വീണപ്പോൾ വീണ്ടും മുഖത്തടിച്ചു; ഡൽഹി പൊലീസിനെതിരെ വിദ്യാർഥികളുടെ ഗുരുതര ആരോപണം

Published on 14 October, 2026
 ‘നിന്റെ നേതാക്കൾ എവിടെ എന്ന് ചോദിച്ച് മുഖത്തടിച്ചു,  മുടിയിൽ പിടിച്ച് വലിച്ച് താഴേക്ക് തള്ളി, വീണപ്പോൾ വീണ്ടും മുഖത്തടിച്ചു; ഡൽഹി പൊലീസിനെതിരെ വിദ്യാർഥികളുടെ ഗുരുതര ആരോപണം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് മർദിച്ചെന്ന ആരോപണവുമായി വിദ്യാർഥികൾ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വനിതാ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. വിദ്യാർഥിനികളെ ബസിലേക്ക് തള്ളിക്കയറ്റുന്നതും തുടർന്ന് മർദിക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് വിദ്യാർഥികൾ ഉന്നയിച്ചിരിക്കുന്നത്.

മർദനമേറ്റ എൻഎസ്‌യു നേതാവ് റിതു ബരാലയെ ‘പെൺസിംഹം’ എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. മർദനമേറ്റിട്ടും റിതു ഭയന്നില്ലെന്നും ആരോടും വെറുപ്പ് പുലർത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് റിതു വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മൂന്ന് ബസുകളിലായാണ് വിദ്യാർഥികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. 

ബസിൽനിന്ന് ഇറങ്ങി പ്രതിഷേധസ്ഥലത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ വനിതാ കോൺസ്റ്റബിൾ മുഖത്തടിക്കുകയും മുടിയിൽ പിടിച്ച് വലിച്ച് താഴേക്ക് തള്ളുകയും ചെയ്തുവെന്നാണ് റിതുവിന്റെ ആരോപണം. നിലത്തുവീണപ്പോൾ വീണ്ടും മുഖത്തടിച്ചെന്നും തന്നെ രക്ഷിക്കാൻ ശ്രമിച്ചവരെയും മർദിച്ചെന്നും അവർ പറഞ്ഞു. പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷവും മർദനം തുടർന്നതായും ‘നിന്റെ നേതാക്കൾ എവിടെ?’ എന്ന് ചോദിച്ചായിരുന്നു മർദിച്ചതെന്നും റിതു ആരോപിച്ചു.

ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർഥിനി ആതിരയും പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. വിദ്യാർഥിനികളെ കൊണ്ടുപോയ ബസിൽ വനിതാ പൊലീസ് ഉണ്ടായിരുന്നില്ലെന്നാണ് ആതിര പറഞ്ഞത്. കൊണോട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് വിദ്യാർഥികളെ മാറ്റാൻ ചില ഉദ്യോഗസ്ഥർ നിർദേശിച്ചതായും മുഖത്തും സ്വകാര്യ ഭാഗങ്ങളിലും മർദനമേറ്റതായും അവർ ആരോപിച്ചു. കണ്ണിന് ഗുരുതരമായി പരുക്കേറ്റെന്നും കേൾവിക്ക് പ്രശ്നമുണ്ടായെന്നും ആതിര വാർത്താസമ്മേളനത്തിൽ പറഞ്ഞു. മനുഷ്യരെന്ന പരിഗണന പോലും ലഭിച്ചില്ലെന്നും അവർ ആരോപിച്ചു.

മലയാളിയായ അർജുനും പൊലീസ് മർദനമേറ്റതായി വെളിപ്പെടുത്തി. അറസ്റ്റിന് പിന്നാലെ രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നും പിന്നീട് വാനിലേക്ക് കയറ്റിയപ്പോൾ മർദിക്കാനായി പൊലീസുകാർ ക്യൂ നിൽക്കുന്നതുപോലെയായിരുന്നുവെന്നും അർജുൻ ആരോപിച്ചു. സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ ക്രൂരമായി മർദിച്ചെന്നും അദ്ദേഹം പറഞ്ഞു. 

വിദ്യാർഥികളുടെ ആരോപണങ്ങൾ പുറത്തുവന്നതോടെ സംഭവം വീണ്ടും ചർച്ചയായിരിക്കുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക